ചങ്ങനാശേരി: സോഷ്യൽ മീഡിയാ സുഹൃത്തുക്കൾക്കു ഭാര്യമാരെ കിടപ്പറ പങ്കിടാൻ കാഴ്ചവയ്ക്കുന്ന സംഘത്തിനു പിന്നിൽ വൻ റാക്കറ്റെന്ന് സൂചന.
സംഘം വൻ സാന്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു.
ആറു പേർ
ഭാര്യമാരെ കൈമാറുന്ന ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ള ആറുപേരെയാണ് ഇന്നലെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചുപേരെ കറുകച്ചാൽ പോലീസും ഒരാളെ എറണാകുളത്തുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എറണാകുളം കലൂരിൽ നിന്ന് അറസ്റ്റിലായ ആളെ കറുകച്ചാലിൽ എത്തിച്ചു. ആറു പേരെയും ഇന്നു കോടതിയിൽ ഹാജരാക്കും.
മുഖംമൂടി
പ്രതികളുടെ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മുഖംമൂടി അണിയിച്ചാണ് പ്രതികളെ പോലീസ് മാധ്യമങ്ങൾക്കു മുന്പിൽ എത്തിച്ചത്.
കങ്ങഴ പത്തനാട്ട് താമസക്കാരിയായ വീട്ടമ്മ കറുകച്ചാൽ പോലീസിൽ ശനിയാഴ്ച വൈകുന്നേരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് ചീഫ് ഡി.ശിൽപയുടെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാർ, കറുകച്ചാൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഭർത്താവും അറസ്റ്റില്
പരാതിക്കാരിയെ ഭർത്താവ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കു ലൈംഗികചൂഷണത്തിനായി കാഴ്ചവച്ചതായി കാണിച്ചാണ് പരാതി നല്കിയത്.
പരാതിക്കാരിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതിനാൽ ഇരയെ തിരിച്ചറിയുന്നതിനാലാണ് പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിടാത്തതെന്നു പോലീസ് പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വ്യാപിച്ചിട്ടുള്ള സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായതെന്നും സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാർ പറഞ്ഞു.
അതേസമയം, ഭർത്താക്കന്മാരുടെ നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങി ഇതിനോടു സഹകരിക്കുന്നവരും താത്പര്യപ്പെട്ട് എത്തുന്നവരും ഉണ്ടെന്നാണ് അന്വേഷണത്തിൽ വിവരം ലഭിച്ചത്.
മെസഞ്ചർ
മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ പ്രവർത്തനമെന്നും ആയിരക്കണക്കിന് ദന്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളതെന്നും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വിവരം ലഭിച്ചതായും പോലീസ് സൂചന നൽകി.
പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ചചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികൾക്കായും പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.