ഇന്റർനെറ്റ് കണക്ഷൻ എങ്ങാനും നിലച്ചാൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നവരാണ് ഏറെയും. പക്ഷെ ഇവിടെയൊരാൾക്ക് ഇന്റർനെറ്റ് ,വൈഫൈ,മൊബൈൽ ഫോണ് എന്നൊക്കെ പറയുന്നത് കേട്ടാൽ തന്നെ പേടിയാണ്. ഇംഗ്ലണ്ടിലെ ചിചെസ്റ്റർ സ്വദേശിനിയായ റേച്ചർ ഹിഗ്സ് എന്ന 43 കാരിയാണ് ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളിൽ നിന്നുള്ള അലർജിമൂലം പൊറുതി മുട്ടുന്നത്.
തനിക്ക് മൊബൈൽ ഫോണ് ഉപയോഗിക്കാനോ വൈഫൈ സൗകര്യമുള്ള മുറിയിൽ ഇരിക്കാനോ കഴിയില്ലെന്ന് റേച്ചർ പറയുന്നു. ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുമായി സന്പർക്കത്തിൽ വരുന്പോൾ റേച്ചലിന്റെ ശരീരത്തിൽ പൊള്ളലനുഭവപ്പെടുമ്രതേ. കൂടാതെ ശരീരം ചുവന്ന് തടിക്കൽ, വിറയൽ, ശക്തമായ തലവേദന തുടങ്ങിയവയും തനിക്ക് അനുഭവപ്പെടുന്നതായി റേച്ചൽ പറയുന്നു.
വൈഫൈ പേടിച്ച് സ്വന്തം വീടും ജോലിയും ഉപേക്ഷിച്ച് വിജനമായ ഒരു പ്രദേശത്ത് ടെന്റ് കെട്ടിയാണ് റേച്ചൽ ഇപ്പോൾ താമസിക്കുന്നത്. തന്റെ വീടിനടുത്ത് വലിയൊരു ഇന്റർനെറ്റ് കഫേ പ്രവർത്തിക്കുന്നത് കൊണ്ടാണ് റേച്ചൽ വീടുപേക്ഷിച്ചത്. ആയിരക്കണക്കിന് തോഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഇന്റർനെറ്റ് സൗകര്യം തനിക്കു വേണ്ടി മാത്രം നീക്കം ചെയ്യണമെന്ന് പറയാനുള്ള ധൈര്യമില്ലത്തതിനാൽ റേച്ചൽ ജോലി സ്വമേധയാ രാജി വെക്കുകയായിരുന്നു.
തന്റെ അപൂർവ അലർജി രോഗത്തെപ്പറ്റി റേച്ചൽ വാചാലയാകുന്പോഴും ഇല്കട്രോ മാഗ്നറ്റിക് തംരംഗങ്ങൾ മൂലം മനുഷ്യർക്ക് അലർജി വരുമെന്നതിന് ശാസ്ത്രീയ അടിത്തറയൊന്നും ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.