ഓഫീസിലോ വീട്ടിലോ വൈ-ഫൈ റൂട്ടർ ഉള്ളവരാണോ നിങ്ങൾ? ആണെങ്കിൽ നിങ്ങൾക്കൊരു മുന്നറിയിപ്പുണ്ട്. റൂട്ടറിനെയും അതിൽ കണക്ട് ചെയ്യുന്ന ഡിവൈസുകളെയും സംരക്ഷിക്കുന്ന ഡബ്ല്യൂപിഎ2 എൻക്രിപ്ഷൻ പ്രോട്ടോകോൾ അല്പം അപകടത്തിലാണ്. റൂട്ടറിന്റെ റേഞ്ചിലുള്ള ഒരു ഹാക്കർക്ക് നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും തകർക്കാൻ വലിയ പ്രയാസമില്ലെന്ന് വാർത്തകൾ വരുന്നു. വൈ-ഫൈ പാസ് വേഡ് ക്രാക്ക് ചെയ്ത് നിങ്ങളുടെ ഇന്റർനെറ്റ് ആക്ടിവിറ്റികളിൽ കടന്നുകയറുകയും, സുരക്ഷിതമല്ലാത്ത സൈറ്റുകളിൽ നൽകുന്ന വിവരങ്ങൾ ചോർത്തുകയും, സുരക്ഷാ കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുകയും പോലുള്ള പണികൾ ഏതു നിമിഷവും പ്രതീക്ഷിക്കാം.
ഏതാണ്ട് പതിമൂന്നു വർഷം പഴക്കമുള്ളതാണ് ഇപ്പോൾ റൂട്ടറുകളിൽ ഉപയോഗിക്കുന്ന ഡബ്ല്യൂപിഎ2 എൻക്രിപ്ഷൻ സാങ്കേതികവിദ്യ. റൂട്ടർ നിർമാതാക്കൾ എത്രയും പെട്ടെന്ന് സെക്യൂരിറ്റി അപ്ഡേറ്റ് പുറത്തിറക്കിയില്ലെങ്കിൽ ഇന്നോ നാളെയോ നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വീട്ടിൽ റൂട്ടറുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന എല്ലാ സ്മാർട് ഡിവൈസുകളും ഡാറ്റ ചോരാത്തവിധം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. കഴിയുന്നതും എച്ച്ടിടിപിഎസ് സൈറ്റുകൾ മാത്രമേ സന്ദർശിവൂ എന്ന് വിദഗ്ധർ പറയുന്നു.