കോട്ടയം: വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവർക്കു നഷ്ടപരിഹാരമായി നൽകുന്ന പത്തു ലക്ഷം രൂപ പൂർണമായും കേന്ദ്രസർക്കാർ വിഹിതമാണെന്നും സംസ്ഥാന സർക്കാർ ഒരു രൂപപോലും നൽകുന്നില്ലെന്നും വ്യക്തമാക്കി വിവരാവകാശ രേഖ. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്ക് വനം വകുപ്പിൽ സ്ഥിരനിയമനം നൽകുന്ന കാര്യം പരിഗണനയിലില്ലെന്നും സംസ്ഥാന വനംമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
സേവ് വെസ്റ്റേൺ ഗാട്സ് ഫോർ ഫൗണ്ടേഷൻ ട്രസ്റ്റി ജയിംസ് വടക്കൻ നൽകിയ വിവരാവകാശ അപേക്ഷയിൽ ഈ മാസം 20നു ലഭിച്ച മറുപടിയിൽ വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് കേന്ദ്രാവിഷ്കൃത പദ്ധതികളായ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്, പ്രോജക്ട് എലിഫന്റ് എന്നിവ മുഖേന വിതരണം ചെയ്യുന്ന തുകയുടെ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമാണെന്ന് പറയുന്നു.
എന്നാൽ ഈ വിവരാവകാശ അപേക്ഷയിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവിന്റെ പകര്പ്പുകൂടി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കേന്ദ്ര വന പ്രതിനിധി മന്ത്രാലയത്തിന്റെ 2023 ഡിസംബർ 22ലെ ഉത്തരവു പ്രകാരം വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കുള്ള കേന്ദ്രസർക്കാർ ധനസഹായം 10 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. അതായത്, വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് കേരള സർക്കാർ പ്രഖ്യാപിക്കുന്ന 10 ലക്ഷം രൂപ നഷ്ടപരിഹാരം പൂർണമായും കേന്ദ്രസഹായമാണ്.
വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നയാളിന്റെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകുമെന്ന പ്രഖ്യാപനം മിക്കപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ, ഈ പ്രഖ്യാപനം ശുദ്ധ നുണയാണെന്നാണ് വനംമന്ത്രിതന്നെ ഈ മാസം 28ന് കേരള നിയമസഭയിൽ പി.വി. അൻവർ, കെ. ബാബു (നെന്മാറ), ലിന്റോ ജോസഫ്, സേവ്യർ ചിറ്റിലപ്പിള്ളി എന്നീ എംഎൽഎമാർക്ക് എഴുതി നൽകിയ ഉത്തരം തെളിയിക്കുന്നത്. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്ക് വനംവകുപ്പിൽ സ്ഥിരം നിയമനം നൽകുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന ചോദ്യത്തിന് നിലവിൽ പരിഗണനയിലില്ല എന്നായിരുന്നു നക്ഷത്രചിഹ്നമിട്ടു നൽകിയ 224-ാം ചോദ്യത്തിന്റെ ഉത്തരം.
വന്യജീവികൾ സർക്കാർ ഉടമസ്ഥതയിലുള്ളതായതിനാൽ അവർ ചെയ്യുന്ന ദ്രോഹത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനുതന്നെയാണ്. അത്തരം കേസുകളിൽ പൂർണ നഷ്ടപരിഹാരം നൽകണമെന്ന് കേരള ഹൈക്കോടതിതന്നെ പലതവണ ഉത്തരവിട്ടിരുന്നു.
കാടിനെയും പരിസ്ഥിതിയെയും സംബന്ധിച്ച കോടതി പരാമർശങ്ങൾപോലും തൊട്ടടുത്ത ദിവസം നടപ്പിലാക്കുന്ന സംസ്ഥാന വനംവകുപ്പ് വന്യജീവി ആക്രമണ നിയമത്തിലെ ഹൈക്കോടതി വിധി അഞ്ചു വർഷം കഴിഞ്ഞിട്ടും അറിഞ്ഞിട്ടില്ല.
ഉറ്റവരെ നഷ്ടപ്പെട്ടവർ കോടതിയലക്ഷ്യ കേസുകൾ ഫയൽ ചെയ്യുന്നില്ല എന്നതാണ് സർക്കാരിനു വളമാകുന്നത്. കൂടാതെ, വന്യജീവി ആക്രമണത്തിൽ മരിച്ച വ്യക്തിയുടെ ആശ്രിതന് സർക്കാർ ജോലി നൽകും എന്ന വനം മന്ത്രിയുടെ പ്രഖ്യാപനത്തിൽ വിശ്വസിച്ചാണ് പലപ്പോഴും കേസിനു പോകാത്തത്. അതേസമയം, വർഷങ്ങളായി കർണാടക സർക്കാർ ഇത് കൃത്യമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
സ്വന്തം ലേഖകൻ