മുക്കം: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങി കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.
പന്നിക്കോട് സ്വദേശി പട്ടര് കുഴി വിഷ്ണുവാണ് സിനിമാ സ്റൈലിൽ പോലീസ് നടത്തിയ നീക്കത്തിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ ജില്ല സെഷൻസ് കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
2016ൽ ഭാര്യ ദീപ്തിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ വിഷ്ണു ഏഴ് മാസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
മൂന്ന് വർഷക്കാലം പോലീസിന്റെ കണ്ണ് വെട്ടിച്ച് നടന്ന പ്രതിയെ ചേന്ദമംഗല്ലൂരിലെ ബാർബർ ഷോപ്പിൽ വെച്ചാണ് പോലീസ് പിടികൂടിയത്. മുടിയും മീശയുമെല്ലാം വടിച്ച് ശരീരത്തിൽ രൂപമാറ്റം വരുത്തി പാലക്കാട് വഴി കർണ്ണാടകയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു.
സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ പ്രദീപിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം ജനമൈത്രി എസ്ഐ അസൈൻ, എസ്ഐ ജയമോദ്, എഎസ്ഐ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.