തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനംമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. രാജിവയ്ക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്.
ബിഷപ്പുമാർ ഉയർത്തിയത് അങ്ങനെയുള്ള ആവശ്യമാണോ എന്ന് സംശയമുണ്ട്. ബിഷപ്പുമാർ സിദ്ധിയുള്ളവരാണെന്നാണ് തന്റെ ധാരണയെന്നും ആ ധാരണ തെറ്റരുതേയെന്നാണ് പ്രാർഥനയെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. എന്നാൽ രാജിവച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോയെന്നും എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോടു സംസാരിക്കവെ പറഞ്ഞു. രാജി പ്രശ്ന പരിഹാരമല്ല. വന്യജീവി പ്രശ്നത്തിനു ശാശ്വത പരിഹാരമാണു വേണ്ടത്.
പ്രശനം പരിഹരിക്കാൻ 10 കർമപദ്ധതികൾ നടത്തും. വന്യജീവി ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത് കഴിഞ്ഞ രണ്ടു വർഷമാണ്. അതിനുമുമ്പ് അത് ഇല്ല എന്നല്ല അതിന് അർഥം. നിയമ ഭേദഗതിക്കായി അഞ്ചുവർഷമായി കേന്ദ്രമന്ത്രിയുടെ പുറകെ നടക്കുകയാണ്. ഈ സാഹചര്യം മറികടക്കണമെങ്കിൽ കേന്ദ്രം കൂടി മനസ് വയ്ക്കണം.
കേന്ദ്രം നിലപാട് തിരുത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുന്നത് ആലോചിക്കും.ആദിവാസി ഗോത്ര വിഭാഗക്കാർക്ക് ഒഴികെ മറ്റാർക്കെങ്കിലും വനത്തിനുള്ളിൽ പോകാൻ അനുവാദം ഉണ്ടോയെന്നും വനം മന്ത്രി ചോദിച്ചു.
എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കും: എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്നും ആ സ്ഥാനത്തിന് ആരും അയോഗ്യരല്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. പി.സി. ചാക്കോയുടെ രാജി പെട്ടെന്നെടുത്ത തീരുമാനമാണ്. പിന്നെയത് ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.