പത്തനംതിട്ട: കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ സാധാരണ മനുഷ്യന്റെ സൈരജീവിതം തകര്‍ക്കുമ്പോഴും വനംവകുപ്പിന്റെ പട്ടികയില്‍ ഇത്തരം കണക്കുകളൊക്കെ ഉള്‍പ്പെടുന്നില്ല. ആരെങ്കിലും പരാതിപ്പെട്ടാല്‍ മാത്രമേ ഔദ്യോഗികമായി വന്യമൃഗ ആക്രമങ്ങള്‍ കണക്കില്പ്പെടുത്തുകയുള്ളൂ. നഷ്ടപരിഹാരം തേടി ആരും വരാതിരിക്കണമെന്നതാണ് വനംവകുപ്പിന്റെ നിലപാട്. ലഭിച്ചിട്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ തന്നെ കാലതാമസവുമുണ്ട്.
കാട്ടുപന്നിയും കാട്ടാനയും പുലിയും കടുവയുമൊക്കെ നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിച്ച സംഭവങ്ങള്‍ ഏറെ നടന്നിട്ടും വനംവകുപ്പിന്റെ കണക്കുകളില്‍ ഇപ്പോഴും ശല്യക്കാര്‍ പാമ്പാണ്.
കാട്ടുപന്നികള്‍ നേരിട്ടു മനുഷ്യരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്കു കുറുകെ ചാടുകയും ചെയ്ത സംഭവങ്ങളില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ജില്ലയില്‍ അഞ്ച് പേരെങ്കിലും മരിച്ചിട്ടുണ്ട്. ശയ്യാവലംബരായവര്‍ അടക്കം നൂറിലേറെ ആളുകള്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഇതൊന്നും വകുപ്പ് അറിഞ്ഞിട്ടില്ല.
വിവിധ കര്‍ഷക സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഒക്കെ പക്കല്‍ ഈ കണക്കുകളുണ്ട്. സംഭവങ്ങള്‍ വാര്‍ത്തയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവയുമാണ്. എന്നാല്‍ വനംവകുപ്പിന്റെ പക്കല്‍ ഇവയൊന്നും എത്തിയിട്ടില്ല. പത്തനംതിട്ട ജില്ലയില്‍ കോന്നി വനം ഡിവിഷനില്‍ ഏറെക്കുറെ കണക്കുകള്‍ ശേഖരിക്കാറുണ്ടെങ്കിലും റാന്നി വനം ഡിവിഷനില്‍ ഇത്തരം കണക്കുകള്‍ പുറത്തുവിടാന്‍ താത്പര്യം കാട്ടുന്നുമില്ല.
അധികാരം വിനിയോഗിക്കാനാകാതെ തദ്ദേശസ്ഥാപനങ്ങള്‍
വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ചുമതലയില്‍പ്പെട്ട കാര്യമല്ലെന്ന പേരില്‍ അവരും തുടര്‍ നടപടികള്‍ സ്വീകരിക്കാറില്ല. പൊതുജനങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നാണ് ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയത്.
ഓരോ പ്രദേശത്തും കാട്ടുപന്നി ഉണ്ടാക്കുന്ന നാശനഷ്ടത്തിന്റെ കണക്കുകള്‍ നല്‍കിയാണ് ഓരോ തദ്ദേശസ്ഥാപനവും അനുകൂല ഉത്തരവ് വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ടു ജാഗ്രതാസമിതികള്‍ രൂപീകരിച്ച് നടപടി സ്വീകരിക്കാനായിരുന്നു നിര്‍ദേശം.
കാട്ടുപന്നി ശല്യത്തെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ വനവകുപ്പിന്റെ കൈവശമില്ല. തദ്ദേശസ്ഥാപന അധ്യക്ഷന്റെ അധികാരം ഉപയോഗിച്ച് ശല്യക്കാരായ കാട്ടുപന്നിയെ വെടിവയ്ക്കാമെന്ന ഉത്തരവ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇതു പ്രയോജനപ്പെടുത്താന്‍ ഭൂരിഭാഗം പഞ്ചായത്തുകള്ക്കുമായില്ല.
അതു വെറും കാട്ടുപൂച്ച
നാട്ടില്‍ പുലിയും കടുവയും ഇറങ്ങുമ്പോഴും അതു വെറും കാട്ടുപൂച്ചയെന്ന പേരില്‍ നിസാരവത്കരിക്കാനുള്ള ശ്രമവും വനംവകുപ്പു നടത്താറുണ്ട്. കാട്ടുപൂച്ച മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കാറുണ്ട്.കാല്പ്പാദങ്ങള് പരിശോധിച്ചാണ് പലപ്പോഴും മൃഗത്തെ സംബന്ധിച്ച വ്യക്തത തേടുന്നത്. കാട്ടുപൂച്ചയെയും പുലിയെയും കണ്ടാല്‍ ഏറെക്കുറെ സമാനമാണെന്നാണ് വനപാലകര്‍ പറയുന്നത്.
നാട്ടിന്‍പുറങ്ങളില്‍ കാട്ടുപൂച്ചയുടെ ശല്യം കൂടുതലായി കണ്ടുവരുന്നുണ്ട്. ഇവയുടെ ആക്രമണം ഉണ്ടാകുമ്പോള്‍ പുലിയാണെന്ന തെറ്റിധാരണ ഉണ്ടാകുന്നുണ്ടെന്നും പറയുന്നു.
2016 മുതല്‍ പുലി ആക്രമിച്ചതായി കണക്കുകള്പോലുമില്ല. കാട്ടുപൂച്ചയുടെ ആക്രമണമാണ് കണക്കിലുള്ളത്.കടുവയുടെ ഒരു ആക്രമണമാണ് കോന്നിയിലെ പട്ടികയിലുള്ളത്. മ്ലാവ്, കാട്ടുപന്നി, കാട്ടാന ഇവയുടെ ആക്രമണ കണക്കുകളും രേഖകളിലുണ്ട്.