ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയിൽ ഓരോ വർഷവും ഏകദേശം പതിനഞ്ചുലക്ഷം മാൻ-വാഹന കൂട്ടിയിടികൾ ഉണ്ടാകുന്നു. ഇത് ശരാശരി 150 മരണങ്ങൾക്കും ഒരു ബില്യൺ ഡോളറിന്റെ വാഹനനാശത്തിനും കാരണമാകുന്നു. ഫ്രാൻസിൽ കാട്ടുപന്നിയും മാനും മൂലമുള്ള കൃഷിനാശം ഏകദേശം രണ്ടേകാൽ കോടി യൂറോയുടേതാണെന്ന് 2007ലെ പഠനങ്ങൾ പറയുന്നു.
ഓസ്ട്രേലിയയിൽ കങ്കാരു ദേശീയ മൃഗമാണെങ്കിലും ഒരു വർഷം ഏകദേശം 90 ലക്ഷം കങ്കാരുക്കളെ അവർ കൊന്ന് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഒാസ്ട്രേലിയയിലെ സർക്കാരും വന്യജീവി വിദഗ്ധരും പറയുന്നത്, ചില ഇനം കംഗാരുക്കൾ സമൃദ്ധമാണ്, വരൾച്ചയുടെ കാലത്തു പട്ടിണിയിൽനിന്നു ഭൂമിയെയും മറ്റ് തദ്ദേശീയ ജീവജാലങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കാൻ അവയെ കൃത്യമായ ഇടവേളകളിൽ കൊന്ന് എണ്ണം ക്രമീകരിക്കേണ്ടതുണ്ടെന്നാണ്. സിംബാബ്വേയിലും കെനിയയിലും മാത്രം കൃഷിയുടെ 75 മുതൽ 90 ശതമാനം വരെ കാട്ടാനകൾ നശിപ്പിക്കുന്നുവെന്നാണ് പഠനങ്ങൾ.
ചെന്നായകളോടു ചെയ്തത്
ആൽപ്സിൽ ചെന്നായ്ക്കൾ കന്നുകാലികളെ ആക്രമിക്കുന്നതു പെരുകിയതോടെയാണ് സ്വിറ്റ്സർലൻഡിൽ ചെന്നായകളുടെ നിയന്ത്രണത്തിനു പാർലമെന്റ് അനുവാദം നൽകിയത്. ആൽപ്സ് പർവതനിരകളിൽ 200 ചെന്നായ്ക്കൾ മാത്രമാണുള്ളതെന്നതും പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. നിലവിലുള്ള നിയമത്തിൽ, ചെന്നായ ഒരു സംരക്ഷിത ഇനമാണ്. എന്നിട്ടും ഭീഷണിയായ സാഹചര്യത്തിൽ അവരുടെ എണ്ണം നിയന്ത്രിക്കാൻ സ്വിറ്റ്സർലൻഡ് ഈ തീരുമാനം എടുത്തതു ശ്രദ്ധിക്കേണ്ട കാര്യമാണ്.
ചെന്നായ്ക്കളും മനുഷ്യരും തമ്മിലുള്ള സംഘർഷം മൂലം ചെന്നായ്ക്കളുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് സ്വീഡിഷ് സർക്കാർ 2022ൽ ലക്ഷ്യമിട്ടത്. യൂറോപ്യൻ യൂണിയൻ ജൈവ വൈവിധ്യ നിർദേശങ്ങൾ ലംഘിച്ചേക്കാവുന്ന ഈ നീക്കത്തിലൂടെ നിലവിലെ ചെന്നായ്ക്കളുടെ സംഖ്യ പകുതിയോളം കുറയ്ക്കാനായി വേട്ട നടത്താനായിരുന്നു നിർദേശം.
വേട്ടയാടൽ
മെക്സിക്കോ പോലുള്ള രാജ്യങ്ങളിൽ വർഷത്തിൽ കുറച്ചുകാലത്തേക്കു വേട്ടയാടൽ അനുവദനീയമാണ്. ഫെബ്രുവരി മുതൽ മേയ് വരെ കാടുകളിലും നവംബർ മുതൽ ഫെബ്രുവരി വരെ പർവതപ്രദേശങ്ങളിലും മധ്യ, വടക്കൻ മേഖലകളിലും ട്രോഫി ഗെയിമിന്റെ ഭാഗമായി മൃഗങ്ങളെയും പക്ഷികളെയും നിയമപരമായി വേട്ടയാടാം. വേട്ടയാടപ്പെടുന്ന വന്യമൃഗങ്ങളുടെ ഭാഗങ്ങൾ സൂക്ഷിക്കുകയും ട്രോഫികളായി പ്രദർശിപ്പിക്കുകയും ചെയ്യുന്ന കായികവേട്ടയുടെ ഒരു രൂപമാണ് ട്രോഫി ഹണ്ടിംഗ്. ട്രോഫി ഹണ്ടിംഗ് വിനോദസഞ്ചാര വിപണിയുടെ വലുപ്പം 2022ൽ 369.6 മില്യൺ യുഎസ് ഡോളർ ആയിരുന്നു; 2023നും 2030നും ഇടയിൽ ഇത് 21.7% സംയുക്ത വാർഷിക വളർച്ചാനിരക്ക് പ്രതീക്ഷിക്കുന്നു.
സംരക്ഷിക്കാൻ കൊല്ലുക
യുഎൻ നിയന്ത്രണത്തിലുള്ള ഐപിബിഇഎസ് 2022 ജൂലൈയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വന്യജീവികളുടെ സുസ്ഥിര ഉപയോഗമാണ് പ്രകൃതിസംരക്ഷണത്തിനു വേണ്ടതെന്നു പറയുന്നു. ഈ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഭക്ഷണം, ഊർജം, മരുന്ന് എന്നിവയ്ക്കായി ഏകദേശം 50,000 വന്യജീവികളെ ആശ്രയിക്കുന്നു.
ഉദാഹരണത്തിന്, കാനഡയിൽ ഹിമക്കരടികളുടെ നിയന്ത്രിതവേട്ടയും അനുബന്ധ കാര്യങ്ങളുംകൊണ്ട് നിരവധി കുടുംബങ്ങൾ ഉപജീവനം നടത്തുന്നു. ബ്രസീലിൽ പിരാരൂക് മീനുകളുടെ വളർത്തലും വിപണനവും മൂലം ഇവയുടെ എണ്ണം ഒൻപതിരട്ടി വർധിച്ചു. മെക്സിക്കോയിൽ വലിയ കൊമ്പുകളുള്ള ബിഗ് ഹോൺ ചെമ്മരിയാടുകളുടെ ട്രോഫി ഹണ്ടിംഗ് പ്രക്രിയ വഴി എണ്ണത്തിൽ വർധനയും രാജ്യത്തിനു പണവും ലഭിക്കുന്നു. ഒരു ട്രോഫി ഹണ്ടിംഗിനു നാല്പത്തിനായിരത്തോളം ഡോളറാണ് ഈടാക്കുന്നത്.
ബൊളീവിയയിൽ വിക്യൂണ മാനുകളുടെ വേട്ട 1969 വരെ നിരോധിച്ചിരുന്നു. എന്നാൽ, നിരോധനം നീക്കിയതുശേഷം ഇവയുടെ എണ്ണം മൂവായിരത്തിൽനിന്ന് ഒന്നര ലക്ഷത്തിലധികമായി. പ്രധാനമായും ഇവയുടെ രോമമാണ് വിപണനം ചെയ്യുന്നത്. നാല്പത്തിനായിരത്തിലധികം ഡോളറിന്റെ വിനിമയമാണ് പ്രതിവർഷം നടക്കുന്നത്. ഇതുപോലെതന്നെയാണ് താജിക്കിസ്ഥാനിലെ ഇബെക്സ്, മാർഖോർ ആടുകളുടെ ട്രോഫി ഹണ്ടിംഗും ഓസ്ട്രേലിയയിലെ സോൾട്ട് വാട്ടർ മുതലകളെയും ഈജിപ്തിലെ നൈൽ മുതലകളെയും നിയന്ത്രിതവേട്ട വഴി എണ്ണം ആവാസവ്യവസ്ഥയ്ക്കു ഹാനികരമാവാതെ നിർത്തുന്നത്.
ഇന്ത്യയിലെ സ്ഥിതി
അനിയന്ത്രിതമായ എണ്ണപ്പെരുപ്പം മൂലം ഇന്ത്യയിലെ പല കടുവാ സങ്കേതങ്ങളിലും ഇരയും ഇരപിടിയരും തമ്മിലുള്ള സന്തുലനാവസ്ഥ താറുമാറായി. തെലുങ്കാനയിലെ അംറാബാദ് കടുവാ സങ്കേതത്തിലും കാവൽ കടുവാ സങ്കേതത്തിലും മാനുകളെ 150 കിലോമീറ്ററോളം ദൂരെയുള്ള നെഹ്റു സുവോളോജിക്കൽ പാർക്കിൽനിന്നും കാകതീയ സുവോളോജിക്കൽ പാർക്കിൽനിന്നുമാണ് ഇപ്പോൾ കൊണ്ടുവരുന്നത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കർണാടകയിലും ജാർഖണ്ഡിലും സമാന സ്ഥിതിയാണ്. കർണാടകത്തിൽ കാളി കടുവാ സങ്കേതത്തിൽ അഞ്ഞൂറ് കിലോമീറ്ററോളം ദൂരത്ത് മൈസൂരുവിലുള്ള ശ്രീചാമരാജേന്ദ്ര സുവോളോജിക്കൽ പാർ ക്കിൽനിന്നാണ് മാനുകളെ കടുവയ്ക്കു കൊടുക്കാൻ കൊണ്ടുവരുന്നത്.
ചുരുക്കത്തിൽ, രണ്ടു കാട്ടിലെയും ഇര-വേട്ടക്കാരൻ തുലനം നഷ്ടപ്പെടും. ഒരു കടുവയ്ക്ക് ജീവിക്കാൻ 500 ഇരമൃഗങ്ങൾ ആവശ്യമാണെന്നു ഗവേഷണങ്ങൾ കാണിക്കുന്നു. ഇതിൽ കുറവുണ്ടാകുമ്പോൾ വളർത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിച്ചു തുടങ്ങും. കേരളത്തിലെ സ്ഥിതിയും ഇതിലേക്കാണ് വളർന്നിരിക്കുന്നത്. പഠനം നടത്തി മൃഗങ്ങളുടെ എണ്ണം ക്രമീകരിച്ചില്ലെങ്കിൽ വൻ ദുരന്തത്തിനായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുക. പരിഹാരപദ്ധതി തദ്ദേശവാസികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയാൽ മാത്രമേ കേരളത്തിലെ വന്യജീവി സംഘർഷം നിയന്ത്രിക്കാനാകൂ.
ഡോ. അഞ്ജു ലിസ് കുര്യൻ