വന്യമൃഗങ്ങള്‍ കാടിറങ്ങി വീടുകളിലും മറ്റുമെത്തുന്നത് നമ്മുടെ നാട്ടില്‍പോലും പതിവാണ്. വിദേശരാജ്യങ്ങളിലും ഇത്തരത്തില്‍ സംഭവിക്കാറുണ്ട്.
ന്യൂജേഴ്‌സില്‍ വീടിനു സമീപമെത്തിയ കരടിയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ മേഖലയില്‍ പതിവായെത്തുന്ന കരടിയാണിതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
സൂസന്‍ കെഹോ എന്ന വീട്ടമ്മ രാത്രിയില്‍ വീടിനുപുറത്ത് എന്തോ ശബ്ദം കേട്ടാണ് വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ വരാന്തയില്‍ കൂറ്റന്‍ കരടി നില്‍ക്കുന്നതാണ് കണ്ടത്.
സ്ഥിരമായി കാണുന്ന കരടിയായതിനാല്‍ സൂസന് ഭയമൊന്നും തോന്നിയില്ല. വാതില്‍ ചാരി അകത്തേക്ക് കയറിയ സൂസന്‍ പിന്നീട് കരടിയോട് പറയുന്നത് കേട്ടാണ് വിഡിയോ കണ്ടവര്‍ ഞെട്ടിയത്.
കരടിയെ ‘മിസ്റ്റര്‍ ബെയര്‍’ എന്നാണ് സൂസന്‍ അഭിസംബോധന ചെയ്തത്. പിന്നീട് ‘ദയവായി വീടിന്റെ വാതില്‍ അടയ്ക്കൂ’ എന്ന് കരടിയോട് പറഞ്ഞു.
അനുസരണയോടെ കരടി സൂസന്‍ പറഞ്ഞതു കേട്ട് വാതിലിന്റെ പിടിയില്‍ കടിച്ചുപിടിച്ച് വാതില്‍ ചാരുന്നത് ദൃശ്യത്തില്‍ കാണാം.
തണുപ്പു കയറുന്നതിനാല്‍ വാതില്‍ അടയ്ക്കാന്‍ വീണ്ടും പല പ്രാവശ്യം സൂസന്‍ ആവശ്യപ്പെടുന്നതും കരടി വാതിലിന്റെ പിടിയില്‍ കടിച്ചുവലിച്ച് വാതില്‍ കത്യമായി അടച്ചു പിന്‍മാറുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
സൂസന്റെ അടുക്കളമുറ്റത്ത് പതിവായെത്തുന്നതാണ് ഈ കരടി. മുന്‍പും കരടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂസന്‍ യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരമൊരു ദൃശ്യം ആദ്യമായാണ് ഇവര്‍ പങ്കുവച്ചത്. വന്യമൃഗങ്ങളൊട് അടുത്തിടപഴകുന്നത് കുറ്റകരമാണ്.
രണ്ട് വര്‍ഷം മുന്‍പ് കരടികള്‍ക്ക് ഭക്ഷണം നല്‍കിയതിന് സൂസന് അധികൃതര്‍ പിഴയും ചുമത്തിയിരുന്നു.