എരുമേലി, കൊല്ലം: കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലിനു സമീപം ആയൂരിലും ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ മൂന്നു പേർക്കു ദാരുണാന്ത്യം.
എരുമേലിയിൽ വീട്ടുവരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന എരുമേലി കണമല പുറത്തേല്‍ ചാക്കോച്ചൻ (65), റബര്‍ ടാപ്പിംഗ് ചെയ്യുകയായിരുന്ന പ്ലാവനാകുഴിയില്‍ തോമസ് (60) എന്നിവരും ആയൂരിൽ റബർ തോട്ടത്തിൽ നിൽക്കുകയായിരുന്ന പെരിങ്ങള്ളൂർ കൊടിഞ്ഞൽ തെക്കേവിള സാമുവൽ വർഗീസും (58) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ.
എരുമേലിയിൽ വനമേഖലയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണു മരിച്ച ചാക്കോയുടെയും തോമസിന്റെയും വീട്. രാവിലെ ഏഴിന് ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ട കാട്ടുപോത്ത് പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെി.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടു ടീമായി തിരിഞ്ഞു നാട്ടുകാരുടെ സഹകരണത്തോടെ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
ആയൂരിൽ കൊല്ലപ്പെട്ട സാമുവൽ വർഗീസ് കഴിഞ്ഞ ദിവസമാണ് ദുബായിൽനിന്നു നാട്ടിലെത്തിയത്.
ഇന്നു രാവിലെ 7.50ഓടെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ വർഗീസിനെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്നു തിട്ടമില്ല. കാട്ടുപോത്തിനെ പിന്നീട് കുഴിയിൽ വീണു ചത്തനിലയിൽ കണ്ടെത്തി.
എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചു നാട്ടുകാർ തടിച്ചുകൂടി കണമല-എരുമേലി റോഡ് ഉപരോധിക്കുകയാണ്. വനപാലകരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.
കാട്ടുപോത്തിനെ പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. കാട്ടുപോത്തിനെ വെടിവച്ച് പിടികൂടണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.
വന്യമൃഗശല്യത്തിനെതിരേ നിരവധിത്തവണ പരാതി നല്‍കിയിട്ടും വനപാലകര്‍ നടപടി സ്വീകരിച്ചില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. കാട്ടുപോത്ത് ജനവാസമേഖലയില്‍ തുടരുകയാണ്. മേലൂര്‍ വെട്ടുകാട്ടില്‍ കാട്ടുപോത്തിനെ കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
കഴിഞ്ഞദിവസം പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ഇരുമ്പൂന്നിക്കര ആശാന്കോളനിയില് തൈപ്ലാക്കല്‍ അനില്‍കുമാറിന്റെ വീട്ടിലെ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കൊന്നനിലയില്‍ കണ്ടെത്തി. 10 മീറ്റര്‍ ദുരത്തേക്ക് ആടിനെ വലിച്ചുകൊണ്ടുപോയി. ബുധനാഴ്ച രാത്രി 10നാണു സംഭവം. പുലിയാണ് ആടിനെ കൊന്നതെന്നു നാട്ടുകാര്‍ പറയുന്നു.