കാഞ്ഞിരപ്പള്ളി: രണ്ടാഴ്ചയായി ഇടക്കുന്നത്തെ വിറപ്പിച്ച കാട്ടുപോത്തിനെ ഒടുവിൽ കീഴടക്കി. ഇന്നലെ വൈകുന്നേരം നാലോടെയാണ് കട്ടൂപ്പാറ പേഴക്കല്ല് ഭാഗത്തു വച്ച് കാട്ടുപോത്തിനെ മയക്കുവെടി വച്ചത്.
മൂന്നു ഡോസ് മരുന്നു പ്രയോഗിച്ചതോടെയാണ് പോത്ത് മയങ്ങി വീണത്. തുടര്‍ന്ന് തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി കാലുകള്‍ കയറിട്ടു കെട്ടി.
പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രത്തില്‍ കയറ്റി തോടിനക്കരെയിട്ടിരുന്ന ലോറിയില്‍ കയറ്റുകയായിരുന്നു. തുടർന്ന് 6.45 ഓടെയാണ് കാട്ടുപോത്തിനെ പ്രദേശത്തുനിന്നു കൊണ്ടുപോയത്.
പെരിയാര്‍ ടൈഗര്‍ റിസര്വിലെത്തിച്ചു കാട്ടുപോത്തിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം കാട്ടിലേക്ക് അയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്നു വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫെബ്രുവരി 28ന് കാട്ടുപോത്തെത്തി
ഇടക്കുന്നം സിഎസ്ഐ ഭാഗത്ത് കൊച്ചുവീട്ടില്‍ പരേതനായ ഷിബുവിന്റെ ഭാര്യ നിര്‍മല ജേക്കബിന്റെ കിണറ്റിലാണ് 28ന് രാത്രി 8.30 ഓടെ കാട്ടുപോത്തിനെ വീണ നിലയിൽ കണ്ടെത്തിയത്.
മാർച്ച് ഒന്നിന് രാവിലെ 8.30 ഓടെ വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കിണറിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി പോത്തിനു നടന്നു കയറി പോകാന്‍ വിധം വഴിയൊരുക്കി.
പുറത്തെത്തിയ കാട്ടുപോത്തിനെ വെടിയുതിര്‍ത്തു സമീപ തോട്ടത്തിലേക്കുതന്നെ വിരട്ടിയോടിച്ചു. മയക്കുവെടി വച്ചു കൊണ്ടു പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടു കണക്കിലെടുത്തു കാട്ടുപോത്തിനെ പിന്തുടര്ന്നു വനത്തിലെത്തിക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചത്.
എന്നാൽ, വിരണ്ടോടിയ കാട്ടുപോത്തിനെ കണ്ടെത്താൻ സാധിച്ചില്ല. വനത്തിലേക്കു കയറി പോയെന്ന നിഗമനത്തിലായിരുന്നു വനം ഉദ്യോഗസ്ഥർ.
ആറിന് ആദ്യ അപകടം
ആറിന് വൈകുന്നേരം .30 ഓെ പാലന്പ്ര ചന്ദ്രവിലാസം മുരളീധരന് (40) കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇടക്കുന്നം, മുക്കാലി വാക്കപ്പാറ പൊട്ടംകുളം പറന്പിലുള്ള ജോബിയുടെ കോഴിഫാമിൽ ജോബിയും മുരളീധരനും ജോലിക്കാരും സംസാരിച്ചുകൊണ്ട് നിൽക്കുന്പോഴാണ് കാട്ടുപോത്തിനെ കാണുന്നത്.
കാട്ടുപോത്തിനെ കണ്ട് ഇവർ ഓടിയെങ്കിലും പുറകേയെത്തിയ കാട്ടുപോത്ത് മുരളീധരനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. അപകടത്തിൽ മുരളീധരന്റെ തലയിൽ 36 തുന്നലുകളിടേണ്ടിവന്നു.
ക്യാന്പ് ചെയ്ത് വനംവകുപ്പ്
കാട്ടുപോത്തിന്റെ ആക്രമണത്തിൽ മുരളീധരനു പരിക്കേറ്റതോടെ ഏഴിന് വനംവകുപ്പിന്റെയും പോലീസിന്റെയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും നേതൃത്വത്തിൽ പ്രദേശത്തു വ്യാപക പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല.
കാട്ടുപോത്തിനെ കണ്ടെത്തി വനത്തിലേക്കു കയറ്റി വിടുന്നതുവരെ പ്രദേശത്തു രാത്രിയിലും പകലും പട്രോളിംഗ് നടത്താൻ അധികൃതർ തീരുമാനിച്ചു.
പഞ്ചായത്തിൽ യോഗം
കാട്ടുപോത്തിനെ പിടികൂടാനായി എട്ടിന് പാറത്തോട് പഞ്ചായത്തില്‍ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം നടത്തി.
ദിവസങ്ങായി തുരുന്ന പരിശോധനയില്‍ മേഖലയില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്താമെന്നും യോഗത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്. ജയന് പറഞ്ഞു.
തുടർന്ന് ഒന്‍പതിന് ട്രാക്ക് പരിശോധനയും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിട്ടും കാട്ടുപോത്തിനെ കണ്ടെത്താൻ സാധിച്ചില്ല.
വീണ്ടുമെത്തികാട്ടുപോത്ത്
വനംവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്താൻ സാധിക്കാതിരുന്ന കാട്ടുപോത്തിനെ 10ന് ഇടക്കുന്നം പേഴക്കല്ല് ഭാഗത്തു നാട്ടുകാർ കണ്ടു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്തി. എരുമേലി റേഞ്ച് ഓഫീസിന് കീഴിലെ 30 ഉദ്യോഗസ്ഥരും പീരുമേട് റാപ്പിഡ് റെസ്പോണ്‍സ് ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്തു പരിശോധന ശക്തമാക്കിയെങ്കിലും അന്നും കാട്ടുപോത്തിനെ ഇവർക്ക് കണ്ടെത്താൻ സാധിച്ചില്ല.
കാടുകയറിയെന്ന് വനംവകുപ്പ്
ഒടുവിൽ 11ന് കാട്ടുപോത്ത് കാട്ടിലേക്ക് കടക്കുന്നതായി വനംവകുപ്പ് അധികൃതരുടെ അറിയിപ്പ് വന്നു. വെള്ളനാടി എസ്റ്റേറ്റ് ഭാഗത്തേക്കാണ് കാട്ടുപോത്ത് പ്രവേശിച്ചിരിക്കുന്നതെന്നും ഇനി തിരികെവരാന്‍ സാധ്യതയില്ലെന്നുമാണ് വനം വകുപ്പ് അറിയിച്ചത്.
വനം വകുപ്പിന്റെ പ്രത്യേക സംഘം ഡ്രോണ്‍ വഴിയും കാട്ടുപോത്തിനെ നിരീക്ഷിച്ചു വരികയാണെന്നു റേഞ്ച് ഓഫീസര്‍ ബി.ആര്. ജയന് പറഞ്ഞു.
നാട്ടിൽ തന്നെ
കാട്ടുപോത്ത് കാടുകയറിയെന്ന ആശ്വാസത്തിൽ പ്രദേശവാസികൾ ഇരിക്കുന്പോഴാണ് 12ന് രാവിലെ 11.30 ഓടെ ഇടക്കുന്നം – കട്ടൂപ്പാറ പേഴക്കല്ല് ഭാഗത്തു നാട്ടുകാർ വീണ്ടും കാട്ടുപോത്തിനെ കാണുന്നത്.
കാട്ടുപോത്തിനെ കാട്ടിലേക്കു തിരികെ അയച്ചെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിന് മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോഴാണ് വീണ്ടും കാട്ടുപോത്തിനെ നാട്ടുകാർ കണ്ടത്.
ഇതോടെ നാട്ടുകാർ പ്രതിഷേധത്തിലായി. ഒടുവിൽ അവശനിലയിലായിരുന്ന കാട്ടുപോത്തിനെ 13ന് മയക്കുവെടി വച്ച് കൊണ്ടുപോകുമെന്ന് അധികൃതർ നാട്ടുകാരെ അറിയിച്ചു.