അഗളി: അട്ടപ്പാടിയിൽ കാട്ടുനായ്ക്കളുടെ ആക്രമണം ശക്തമായി. ഇന്നലെ കാട്ടുനായ്ക്കളുടെ ആക്രമണത്തിൽ ഒന്പതു ആടുകൾ ചാവുകയും അതിലേറെ ആടുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഉണ്ടായി.
ചാവടിയൂർ പുത്തൂരിൽ മുരുകൻ, നാഗരാജ് എന്നിവരുടെ ആടുകളാണ് ഇന്നലെ ചത്തത്. പതിനഞ്ചോളം വരുന്ന കാട്ടുനായ്ക്കൾ കുറ്റിക്കാട്ടിലും വിജനപ്രദേശങ്ങളിലും വിലസി നടക്കുകയാണ്.
ഷോളയൂർ, വെള്ളകുളം, വെച്ചപ്പതി, മൂലഗംഗൽ, കടന്പാറ, ചാവടിയൂർ, പ്രദേശങ്ങളിൽ ചെന്നായ ശല്യം അടിക്കടി വർധിച്ചു വരികയാണ്.
വെള്ളകുളം ഭാഗത്തുനിന്ന് പശുക്കളെയും കടന്പാറ ഭാഗത്തുനിന്നും പകൽസമയത്ത് ആട്ടിൻപറ്റത്തെയും കാട്ടുനായ്ക്കൾ വേട്ടയാടിയിരുന്നു.
കഴിഞ്ഞയാഴ്ച മൂന്ന് ആടുകളെ കടിച്ചുകൊല്ലുകയും പതിനൊന്നെണ്ണത്തെ കാണാതാവുകയും ഉണ്ടായി. ജീവഭയം മൂലം പ്രദേശത്തുകൂടി യാത്ര ചെയ്യാനാവാത്ത സ്ഥിതിയിലായി നാട്ടുകാർ.
കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടിയ അവസരത്തിലാണ് കാട്ടുനായ്ക്കളുടെ പ്രത്യക്ഷപ്പെടൽ. ചെന്നായ ശല്യം രണ്ടു മാസത്തിനിടെയാണ് ഭീകരമായി വർധിച്ചത്.
പടക്കം പൊട്ടിച്ചും കൂകിവിളിച്ചും പാട്ടകൊട്ടിയും ചെന്നായ്ക്കളെ ഓടിക്കാനാവുന്നില്ലെന്ന് വനപാലകർ പറഞ്ഞു. പാറക്കെട്ടുകളിലും കാട്ടുചോലകളിലും മറഞ്ഞിരിക്കുന്ന കാട്ടുനായ്ക്കളുടെ കൂട്ടം ഏതു സമയത്തും ചാടി വീഴാവുന്ന സ്ഥിതിയാണ്.