വയനാടൻ കാടുകൾ മാംസക്കൊതിയന്മാരായ കാട്ടുനായ്ക്കളുടെ താവളമാകുകയാണ്. ഇന്ത്യൻ വൈൽഡ് ഡോഗ്സ്, ഏഷ്യാറ്റിക് വൈൽഡ് ഡോഗ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ വയനാടൻ കാടുകളിൽ ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. ഒരു കാലത്ത് കാടുകളിൽ അന്യമായിരുന്നു കാട്ടുനായ്ക്കൾ.
ശാസ്ത്രീയ പഠനം 2019 ൽ
വയനാട്, നാഗർഹോള, ബന്ദിപ്പുർ, മുതുമല തുടങ്ങിയ വന്യജീവി സങ്കേതങ്ങളിലാണ് ഇവ കൂടുതലായുമുള്ളത്. 2019 ലെ കണക്കെടുപ്പിൽ 50-ഒാളം കാട്ടുനായ്ക്കളെ കണ്ടെത്തിയിരുന്നു. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷണൽ സെന്റർ ബയോളജിക്കൽ സയൻസ്, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, യുഎസ്എയിലെ ഫ്ളോറിഡ, സ്റ്റാന്റ്ഫോർഡ് യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെയാണ് കാട്ടുനായ്ക്കളുടെ സെൻസസ് ഇന്ത്യയിലാദ്യമായി നടത്തിയത്.
ഇതിലാണ് വംശനാശ ഭീഷണി നേരിടുന്ന കാട്ടുനായ്ക്കളെ വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയത്. 350 ചതുരശ്ര കിലോമീറ്ററാണു വയനാട് വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി.
കാട്ടുനായ്ക്കളുടെ കാഷ്ടം ശേഖരിച്ച് അതിൽനിന്നു ഡിഎൻഎ വേർതിരിച്ച് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കണക്കെടുപ്പ് നടത്തിയത്. 100 ചതുരശ്ര കിലോമീറ്ററിൽ 12 മുതൽ 14വരെ കാട്ടുനായകളെയാണ് പഠനത്തിൽ കണ്ടെത്തിയത്. ഇതേ ചുറ്റളവിൽ 11 മുതൽ 13 വരെ കടുവകളും വയനാട് വന്യജീവിസങ്കേതത്തിലുണ്ടെന്നാണ് കണക്കുകൾ.
ഉന്നത ശ്രേണിയിൽ പെടുന്ന ഈ രണ്ട് മാംസഭുക്കുകളും വയനാട് വന്യജീവി സങ്കേതത്തിൽ കാണപ്പെടാൻ കാരണം ഇരകളുടെ ലഭ്യതയും ഏറ്റവും നല്ല ആവാസവ്യവസ്ഥയും കൊണ്ടാണെന്നാണ് കണക്കെടുപ്പിന് നേതൃത്വം നൽകിയവർ പറയുന്നത്.
കൂടാതെ വനം നല്ലരീതിയിൽ സംരക്ഷിക്കപ്പെടുന്നതും ഇവയുടെ നിലനിൽപ്പിന് കാരണമാകുന്നുണ്ട്. ഏഷ്യാറ്റിക് കാട്ടുനായകളെക്കുറിച്ച് കൂടുതൽ പഠിച്ച് ഇവയെ സംരക്ഷിക്കാൻ ഈ വർഷം നടക്കുന്ന കണക്കെടുപ്പ് സഹായകമാകും എന്ന പ്രതീക്ഷയാണ് സംഘത്തിനുള്ളത്.
പുൽമേടുകളും കുറ്റിച്ചെടികളും അനുയോജ്യം
ലോകത്തുള്ള മാംസഭുക്കുകളിൽ 23 ശതമാനം ഇന്ത്യൻ കാടുകളിലാണ് അധിവസിക്കുന്നത്. അതിൽ ഏറ്റവും വലിയ മാംസഭുക്കുകളിൽ ഒന്നാണ് ഏഷ്യാറ്റിക് കാട്ടുനായ. ഇവയുടെ കണക്കെടുപ്പ് ഇതുവരെ നടന്നിരു ന്നില്ല.
മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ദേശീയപാതയുടെ ഇരുഭാഗത്തും വനാതിർത്തി ഗ്രാമങ്ങളിലും കാട്ടുനായ്ക്കളെ കാണപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു. കൂട്ടമായി വേട്ടയാടി മാംസം ഭക്ഷിക്കുന്ന ഇവ ഉച്ചസമയങ്ങളിൽ കൂട്ടത്തോടെ റേഡരുകിൽ വിശ്രമിക്കുന്നത് നിത്യ കാഴ്ചയാണ്.
കാടുകളും പുൽമേടുകളും കുറ്റിച്ചെടികളും ഉള്ള വനം കാട്ടുനായ്ക്കൾക്ക് അനുയോജ്യമായ ഒരു ആവാസ വ്യവസ്ഥ നൽകുന്നുണ്ട്. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കാട്ടുനായ്ക്കളുടെ ഗണ്യമായ വർധന ഉണ്ടെന്നാണ് കണക്കാക്കുന്നത്.
കടുവയെയും വിറപ്പിക്കും
കാട്ടിലെ വേട്ടക്കാരിൽ മുന്പന്തിയിലുള്ള പുലിയെയും കടുവയെയും വരെ കാട്ടുനായ്ക്കൾ വിറപ്പിക്കും. കൂട്ടത്തോടെ എത്തുന്ന കാട്ടുനാ യ്ക്കളെ കണ്ടാൽ ഈ മൃഗകേസരികൾ സ്ഥലം കാലിയാക്കാറാണു പതിവ്. പുലിയും കടുവയും വേട്ടയാടി കൊല്ലുന്ന ഇരകളെ പലപ്പോഴും ഭക്ഷിക്കുന്നത് കാട്ടുനായ്ക്കളാണ്.വയനാട്, പെരിയാർ, ആറളം തുടങ്ങിയ വനമേഖലകളിലെല്ലാം ഇവയെ കാണാനാകും.
രണ്ടു മുതൽ 25 അംഗങ്ങൾ വരെയുള്ള സംഘങ്ങളായാണ് ഇവയെ കാണാനാകുക. ഇര പിടിക്കുന്നതു മുതൽ ഒരു ദിവസത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും ഇവയ്ക്ക് പ്രത്യേക പദ്ധതികളുണ്ട്. സംഘത്തിൽ പ്രത്യേകിച്ച് ഒരു നേതാവ് ഉണ്ടാകില്ലെങ്കിലും എല്ലാവരും ഒരുമയോടെയാണ് ആക്രമണങ്ങൾ നടത്തുക.
മാംസം ചൂടോടെ ഭക്ഷിക്കും
ഇരയെ ഓടിച്ച് ക്ഷീണിപ്പിച്ച് വേട്ടയാടുന്നതാണ് ഇവരുടെ മറ്റൊരു രീതി. ഒരു ഇരയെ മാത്രം ലക്ഷ്യം വച്ച് അതിനെ ഓടിച്ച് ക്ഷീണിപ്പിച്ച് വേട്ടയാടും. ഇരയുടെ ജീവൻ പോകുന്നതിന് മുന്പുതന്നെ അതിനെ ഭക്ഷിക്കാനും തുടങ്ങും. എല്ലിൽനിന്നു മാംസം വേർപെടുത്തി കുഞ്ഞുങ്ങൾക്കും ഭക്ഷിക്കാൻ നൽകും. ഇണ ചേരാൻ പ്രായമാകുന്നതുവരെ കുഞ്ഞുങ്ങൾ സംഘത്തിലുണ്ടാകും. ഒരു ആണിന് ഇണ ചേരാൻ ഒന്നിൽ കൂടുതൽ പെണ്നായകൾ ഉണ്ടാകാറുണ്ട്.
ഇവ ഇണ ചേർന്ന് പ്രസവിക്കുന്നതുവരെ ഒന്നിലധികം കാട്ടുനായ്ക്കൾ ഗുഹക്കുമുന്നിൽ കാവൽ നിൽക്കും. മണ്ണിലെ പൊത്തുകളോ ഗുഹകളോ ആയിരിക്കും മിക്കപ്പോഴും ഇവയുടെ വാസസ്ഥലം. സാധാരണ നായകളെപ്പോലെയോ കുറുക്കൻമാരെ പോലെയോ കുരയ്ക്കുകയോ കൂവുകയോ ഒന്നുമില്ല. എന്നാൽ കാഴ്ചയിൽ നായകളെപോലെയും കുറുനരിയെപോലെയും ഒക്കെ തോന്നിക്കുകയും ചെയ്യും.
സംഘത്തിൽ ആശയ വിനിമയം നടത്താൻ ഇവ വിസിൽ അടിക്കുന്നതുപോലെ ശബ്ദമുണ്ടാക്കാറുണ്ട്. ഇതുകൊണ്ടാണ് ഇവയെ വിസിലിംഗ് ഡോഗ്സ് എന്ന് വിളിക്കുന്നത്. ഭക്ഷണരീതിയിലുമുണ്ട് വ്യത്യാസം. ഇരുന്ന ഇരുപ്പിൽ നാലുകിലോ മാംസം വരെ ഇവ അകത്താക്കും. തങ്ങളെക്കാലും വലിപ്പവും കരുത്തുമുള്ള ജീവികളെപ്പോലും ഇവ ഇരയാക്കാറുണ്ട്.
നാട്ടിലേക്ക് ഇവ അധികം എത്താറില്ലെങ്കിലും നാട്ടിലിറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കണ്സർവേഷൻ ഓഫ് നാച്ചുറൽ റിസോഴ്സസ്(ഐയുസിഎൻ)ന്റെ കണക്കു പ്രകാരം ഇന്ത്യയിലെ കാടുകളിൽ ഇവയുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കാണിക്കുന്നത്.
അജിത് മാത്യു