ചെങ്കുത്തായ കൂറ്റന്‍ പാറക്കെട്ടിന്റെ ചെരുവില്‍ ഭയന്നു വിറച്ചു നില്‍ക്കുന്ന മാനുകളുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
കാട്ടുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി മൂന്നു മാനുകള്‍ ചെങ്കുത്തായ പാറക്കെട്ടിന്റെ മുനമ്പില്‍ അഭയം പ്രാപിക്കുകയായിരുന്നു.
ക്ലിപ്‌സ്പ്രിങര്‍ വിഭാഗത്തില്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന മാനുകളാണിവ. പാറച്ചെരുവില്‍ ഭയന്നു വിറച്ചുനില്‍ക്കുന്ന മാനുകളുടെ തൊട്ടടുത്തുവരെ കാട്ടുനായ്ക്കളെത്തി.
ഭയന്നു താഴേക്കു ചാടിയാല്‍ പിടികൂടാനായി അവിടെയും കാട്ടുനായ്ക്കളുടെ സംഘം കാത്തുനിന്നിരുന്നു.
സൗത്ത് ആഫ്രിക്കയിലെ മാലാമാലാ വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. സഫാരി സംഘത്തിലുണ്ടായിരുന്ന ഗൈഡുകളായ സ്റ്റെഫ് മാക്വില്യം, മൈക്കിള്‍ ബോട്ടെസ് എന്നിവരാണ് ഈ സംഭവം ക്യാമറയില്‍ പകര്‍ത്തിയത്.
21 അംഗങ്ങളുള്ള കാട്ടുനായ്ക്കളുടെ സംഘത്തെയാണ് സഫാരിവാഹനത്തിലുള്ളവര്‍ ആദ്യം കണ്ടത്. പിന്നീടിവ ചെറുസംഘങ്ങളായി പിരിഞ്ഞ് വേട്ടയാടുന്നത് ആദ്യം കണ്ടത് സ്റ്റെഫ് മാക്വില്യം ആണ്.
കാട്ടുനായ്ക്കളുടെ സംഘത്തിലെ പ്രായക്കുറവുള്ള സംഘമാണ് ക്ലിപ്സ്പ്രിങ്ങറുകളെ പാറക്കെട്ടില്‍ വളഞ്ഞ് ആക്രമിക്കാന്‍ തുനിഞ്ഞത്.
മുതിര്‍ന്ന കാട്ടുനായ്ക്കള്‍ ഈ വേട്ടയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഒറ്റപ്പെട്ട മാനുകള്‍ പാറക്കെട്ടിന്റെ ചെരുവിലാണ് അഭയം തേടിയത്.
കൂട്ടത്തില്‍ ഒരു കാട്ടുനായ പാറച്ചെരുവിലേക്കിറങ്ങി മാനിനെ പിടിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെയും അടിപതറായെ പാറച്ചെരുവിലേക്ക് ശരീരം അല്‍പം താഴ്ത്തിപ്പിടിച്ചാണ് മാന്‍ രക്ഷപ്പെട്ടത്.
ഭയപ്പെടുത്തി താഴേക്കു ചാടിച്ചാല്‍ അവിടേക്കു വീഴുമ്പോള്‍ പിടികൂടാനായി സംഘത്തിലുള്ള മറ്റ് നായ്ക്കളും പാറക്കെട്ടിനു താഴെ കാത്തുനിന്നിരുന്നു.
അല്‍പം നേരം കൂടി ക്ലിപ്സ്പ്രിങ്ങറുകളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ രക്ഷയില്ലെന്നു മനസ്സിലായതോടെ കാട്ടുനായ്ക്കള്‍ പിന്‍വാങ്ങുകയായിരുന്നു.
സാധാരണ ജീവികളായിരുന്നു ഈ സാഹചര്യത്തില്‍ പെട്ടിരുന്നത് എങ്കില്‍ അവ അപ്പോള്‍ തന്നെ കാട്ടുനായ്ക്കള്‍ക്ക് ഇരയായേനെ.
മലഞ്ചെരുവില്‍ മാത്രം വസിക്കുന്ന ക്ലിപ്സ്പ്രിങ്ങറുകളുടെ കാല്‍പാദം മലമടക്കുകളിലും മറ്റും അനായാസേന പിടിച്ചുനില്‍ക്കാന്‍ പാകത്തിലുള്ളതാണ്.
ഇതുതന്നെയാണ് കാട്ടുനായ്ക്കളുടെവആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഇവയ്ക്ക് തുണയായതും.
എന്തായാലും ക്ലിപ്സ്പ്രിങ്ങറുകള്‍ രക്ഷപ്പെട്ട ആശ്വാസത്തിലാണ് സഫാരിസംഘം അവിടെനിന്നും മടങ്ങിയത്.
നിരാശരായി മടങ്ങിയ കാട്ടുനായ്ക്കള്‍ അധികം വൈകാതെ തന്നെ വലിയൊരു ഇമ്പാലയെ വേട്ടയാടുന്നതും ഇവര്‍ കണ്ടു.