കോട്ടയം: കേരളത്തിലെ വനാതിർത്തിയിലെ കാട്ടാന ആക്രമണങ്ങളുടെ യഥാർഥ കാരണം വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും എത്രയോ അധികമായി കാട്ടാനകൾ പെരുകിയതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2010ലെ എലിഫന്റ് ടാസ്ക് ഫോഴ്സിന്റെ ഗജ റിപ്പോർട്ടുപ്രകാരം ആനക്കൂട്ടങ്ങൾക്കു തിമിർക്കാൻ 180 മുതൽ 600 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയുള്ള വനമേഖലകൾ വേണം. കേരളത്തിൽ പറന്പിക്കുളവും പെരിയാർ ടൈഗർ റിസർവും മാത്രമാണ് ഇത്തരം വിസ്തൃതിയുള്ള വനമേഖല.
കേരളത്തിൽ ആനകൾ പെറ്റുപെരുകുകയാണ്. 1993ൽ കേരളത്തിൽ 3,500 ആനകളുണ്ടായിരുന്നത് 2017ൽ 5,706 ആയി വർധിച്ചു എന്ന കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് കണക്കുകൾ തന്നെ തെളിയിക്കുന്നു.
ആനസംഖ്യയിൽ ഒന്നാം സ്ഥാനത്തുനിന്ന ആസാമിലും കർണാടകത്തിലും തമിഴ്നാട്ടിലുമൊക്കെ ആനയുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കില്ല.
കർണാടകത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും ആനകളെ വെടിയൊച്ചകേൾപ്പിച്ചു പേടിപ്പിച്ച് കേരള വനത്തിലേക്കു വിടുകയാണെന്ന് കേരള വനപാലകർതന്നെ സമ്മതിക്കുന്നുണ്ട്. അരിക്കൊന്പനെ വരെ 2014ൽ തമിഴ്നാട് കേരളത്തിലേക്കോടിച്ചതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ കണക്കുകൾ ഇതു ശരിവയ്ക്കുന്നു.
കേരളത്തിലെ ആനവളർച്ച 63 % ആണെങ്കിൽ കർണാടകത്തിൽ അത് 3.5 % ഉം തമിഴ്നാട്ടിൽ 19.7 % ഉം. രാജ്യത്തെ രണ്ടാമത്തെ വലിയ ആന സംസ്ഥാനമായ ആസാമിൽ കേവലം 3.5 % മാത്രമാണ്.
കേരളത്തിലേത് ആന വളർച്ച എന്ന ബഹുമതിയോ റിക്കാർഡോ അല്ല മറിച്ച് കാലാകാലങ്ങളിൽ സംസ്ഥാനം ഭരിച്ച മുന്നണികളുടെ കർഷക വിരുദ്ധതയും പട്ടികജാതി പട്ടികവർഗ ആദിവാസി സമൂഹ വിരുദ്ധതയുമാണ്.
അതുപോലെതന്നെ വിദേശ ഫണ്ടിംഗിൽ പരിസ്ഥിതി സംരക്ഷണത്തിനും മൃഗസംരക്ഷണത്തിനും ആയിരക്കണക്കിനു കടലാസ് എൻജിഒകൾ പ്രവർത്തിക്കുന്ന സംസ്ഥാനവും കേരളംതന്നെ.
പെറ്റുപെരുകുന്ന ആനകൾക്കു താമസിക്കാനുള്ള വനവിസ്തൃതി കേരളത്തിനില്ലാത്തതാണ് ആനകൾ കൃഷിയിടങ്ങളിലും ബത്തേരി, മാനന്തവാടി പോലുള്ള നഗരങ്ങളിലുമിറങ്ങി കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ കൊല്ലുന്നതും. വനവിസ്തൃതിയും ആനസാന്ദ്രത കണക്കുകളും തന്നെ കേരളത്തിലെ സ്ഫോടനാത്മകമായ ആനവളർച്ചയുടെ ചരിത്രം വരച്ചുകാണിക്കുന്നു.
കേരളത്തിലെ ഒരു കാട്ടാനയ്ക്കു മേയാൻ കിട്ടുന്ന ശരാശരി വനവിസ്തൃതി രാജ്യത്തെ ഏറ്റവും കുറഞ്ഞതാണ് 1.70 ചതുരശ്ര കിലോമീറ്റർ വനം മാത്രം. കേരളത്തിലേക്ക് ആനകളെ ഓടിച്ചുവിടുന്ന തമിഴ്നാട്ടിൽ ഒരാനയ്ക്ക് 6.35 ചതുരശ്ര കിലോമീറ്റർ വനം ഉണ്ടെങ്കിൽ കർണാടകയിൽ അത് 3.73 ആണ്.
കേരളത്തിലെ ഭയാനകമായ കാട്ടാന വളർച്ചയ്ക്ക് അടിയന്തരമായി നിയന്ത്രണം കൊണ്ടുവരണമെന്നും കേരളത്തിലെ പകുതിയിലധികം കാട്ടാനകളെ മേഘാലയത്തിലേക്കോ ഒഡീഷയിലേക്കോ ജാർഖണ്ഡിലേക്കോ മാറ്റണമെന്നുമാണ് വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ആവശ്യം.