മൂന്നാര്‍: ദമ്പതികളെ കാട്ടാന മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ടു മണിക്കൂര്‍. ഇവരെ വീടിനുള്ളില്‍ ബന്ദികളാക്കിയാണ് കാട്ടാന വിളയാടിയത്. ദേവികുളം ടൗണില്‍ അയ്യപ്പക്ഷേത്രത്തിനു സമീപം താമസിക്കുന്ന തകിടിയേല്‍ സുകുമാരനെയും (63), ഭാര്യ ശ്യാമളയെയുമാണ് വീട്ടുമുറ്റത്ത് നിലയുറപ്പിച്ച കാട്ടാന ഏറെനേരം മുള്‍മുനയിലാക്കിയത്.ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടുമുറ്റത്ത് ശബ്ദം കേട്ടുണര്‍ന്ന ശ്യാമളയാണ് കാട്ടാനയെ കണ്ടത്.
വീട് മലയുടെ ചെരിവിലായതിനാല്‍ പിന്‍വശത്തുകൂടി ഇറങ്ങി രക്ഷപ്പെടാനും കഴിയുമായിരുന്നില്ല. ഭീതി കാരണം, ഫോണ്‍ ചെയ്ത് മറ്റാരെയും സഹായത്തിനു വിളിക്കാന്‍പോലുമാവാതെ ഇരുവരും ഏതു സമയവും ആക്രമണം ഭയന്ന് വീടിനുള്ളില്‍ കഴിച്ചുകൂട്ടി. വീട്ടുമുറ്റത്തെ വാഴകളെല്ലാം തിന്നുതീര്‍ത്ത് അഞ്ചരയോടെയാണ് കാട്ടാന മടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് ദേവികുളത്ത് കാട്ടാനകള്‍ ഇറങ്ങി ദിവസങ്ങളോളം നാട്ടുകാരുടെ ഉറക്കം കെടുത്തിയത്. ദേവികുളം എസ്റ്റേറ്റ് സ്വദേശി ജോര്‍ജിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയതും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു.