നിങ്ങള്‍ വഴിയരികില്‍ വാഹനം നിര്‍ത്തിയിട്ട് അകത്തിരിക്കുമ്പോള്‍ ഒരു കൊമ്പനാന വന്ന് കാറിനു മുകളില്‍ ഇരിക്കിന്‍ ശ്രമിച്ചാല്‍ എന്താവും കഥ. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.തായ്ലന്‍ഡിലെ ഖാവോ യായ് ദേശീയ പാര്‍ക്കിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഡ്യുവ എന്ന 35 വയസ്സു പ്രായമുള്ള കൊമ്പനാനയാണ് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ കയറിയിരിക്കാന്‍ ശ്രമിച്ചത്.
റോഡിലൂടെ നടന്നു നീങ്ങിയ കൊമ്പന്‍ ആദ്യം കാറിനു സമീപത്തെത്തി കാറിനോടു ചേര്‍ന്നു നിന്നു. പിന്നീടാണ് കാറിന്റെ മുകളില്‍ കയറി ഇരിക്കാന്‍ ശ്രമിച്ചത്.ഈ സമയം എത്രപേര്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. ആനയുടെ പ്രവര്‍ത്തിയില്‍ പന്തികേടു തോന്നിയ കാര്‍ ഡ്രൈവര്‍ മെല്ല വണ്ടി മുന്നോട്ടെടുത്തു. തലനാരിഴയ്ക്കാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവര്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടത്.
ആനയുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ഗ്ലാസുകള്‍ പൊട്ടിയിട്ടുണ്ട്. ആനയുടെ ഭാരം താങ്ങാനാവാതെ കാറിന്റെ പല ഭാഗങ്ങളും ചളുങ്ങുകയും ചെയ്തു. വിനോദസഞ്ചാരികളെത്തുമ്പോള്‍ മിക്കവാറും ഡ്യുവ നിരത്തുകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ല. വന്യമൃഗങ്ങളെ കണ്ടാല്‍ 30 മീറ്റര്‍ അകലത്തില്‍ മാത്രമേ വാഹനങ്ങള്‍ നിര്‍ത്താവൂ എന്നാണ് പാര്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
മൃഗങ്ങള്‍ വാഹനത്തിനരികിലേക്ക് വരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പതിയെ വാഹനമെടുത്ത് പിന്നോട്ട് പോകണമെന്നാണ്. എന്നാല്‍ പലരും ഈ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാറില്ല. മൃഗങ്ങളെ കാണുമ്പോള്‍ ഫോട്ടോയെടുക്കാനായി വാഹനം നിര്‍ത്തിയിടുകയാമ് മിക്കവരും ചെയ്യുന്നത്. ആന കാറിനടുത്തേക്ക് വരാന്‍ കാരണവും ഇതുതന്നെയാവാമെന്നാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്.