കോട്ടയം: കടുവ, പുലി, കരടി എന്നിവ മനുഷ്യവാസമേഖലയിലേക്കു വന്നാലും അതിനെ കൂട്ടിലാക്കാനും തിരികെ കാട്ടിലെത്തിക്കാനും വനംവകുപ്പിനു നിരവധി കടമ്പകള്‍ കടക്കണം. മനുഷ്യനു ഭീഷണി ഉയര്‍ത്തുന്ന മൃഗത്തെ പിടികൂടാനുള്ള കൂടു സ്ഥാപിക്കണമെങ്കില്‍ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിവേണം. കടുവയെയും പുലിയെയും കണ്മുന്നിൽ കാണുകയോ ആക്രമിക്കാന്‍ വരികയോ ചെയ്തു എന്നു പരാതിപ്പെട്ടാലും വനം വകുപ്പിന് അക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകണം. കാല്‍പ്പാദവും വളര്‍ത്തുമൃഗങ്ങളെ കൊന്നതിന്റെ രീതിയോ നോക്കി ഏതിനം മൃഗമാണെന്നു തിരിച്ചറിയണം.
പിന്നീടു കാമറ സ്ഥാപിച്ച് അതില്‍ മൃഗത്തിന്റെ ചിത്രം പതിഞ്ഞു കാണണം. വിശദമായ റിപ്പോര്‍ട്ടും ഫോട്ടോകളും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാന്ഡനു സമര്‍പ്പിക്കുകയും തൃപ്തികരമെന്നു തോന്നിയാല്‍ മാത്രം കൂടു സ്ഥാപിക്കാന്‍ അനുമതി നല്‍കുകയും ചെയ്യും.
സംസ്ഥാനത്ത് 12 ഫോറസ്റ്റ് ഓഫീസുകളില്‍ മാത്രമേ മൃഗങ്ങളെ പിടികൂടാനുള്ള കൂടുള്ളു. ജില്ലയുടെ കിഴക്കന്‍പ്രദേശങ്ങളില്‍ മൃഗങ്ങളെ പിടിക്കാനുള്ള കൂട് തേക്കടിയില്‍നിന്നു ലോറിയില്‍ എത്തിക്കുകയാണ്. ഇരയുടെ ശേഷിക്കുന്ന മാംസഭാഗങ്ങള്‍ തന്നെയാണ് കൂട്ടില്‍ തീറ്റയായി വയ്ക്കുന്നത്. മൃഗം കൂട്ടില്‍ വീണാല്‍ അതിന്റെ പ്രായം, ആരോഗ്യം തുടങ്ങിയവ വെറ്ററനറി സര്‍ജര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.
പ്രായാധിക്യം വന്ന മൃഗമാണെങ്കില്‍ കാഴ്ചബംഗ്ലാവിലോ കുഴപ്പമില്ലാത്തതെങ്കില് വിദൂര വനത്തിനുള്ളിലോ വിടണമെന്നാണു നിയമം. മൃഗങ്ങളെ കെണിയില്‍ വീഴ്ത്താന്‍ നിയമം അനുവദിച്ചിട്ടില്ല. അതിനാല്‍ കെണി എന്ന വാക്കല്ല കൂട് എന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ഒരു കൂട്ടിലും ഇടം കൊടുക്കാന്‍ സാധിക്കാത്ത കാട്ടാനകളെയും കാട്ടുപോത്തിനെയും പിടികൂടാന്‍ ഒരു മാര്‍ഗവുമില്ല. കൊലയാളി കാട്ടാനയെ മയക്കുവെടിവയ്ക്കാനുള്ള ഉത്തരവിടണമെങ്കിലും വേണം വനം മേധാവിയുടെ അനുമതി.