എരുമേലി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശി ബിജുവിന്റെ സംസ്കാരം നാളെ. രാവിലെ ഏഴു മുതല്‍ എട്ടുവരെ പിആര്‍സി മലയിലുള്ള വീട്ടിലും തുടര്‍ന്ന് തുലാപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സംസ്കാര ശ്രൂഷകള്‍ നടക്കും. പമ്പാവാലി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അനുശോചന സമ്മേളനം മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ നടക്കും.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു കാട്ടാന ആക്രമണത്തില്‍ ബിജു കൊല്ലപ്പെട്ടത്. രാത്രി ആന കൃഷി നശിപ്പിക്കുന്നതറിഞ്ഞു ഭാര്യ ഡെയ്സിയോടൊപ്പം ടോര്‍ച്ച് വെളിച്ചത്തില്‍ ഇറങ്ങിച്ചെന്ന ബിജുവിനെ ഒറ്റയാന് ആക്രമിക്കുകയായിരുന്നു. പിന്തിരിഞ്ഞോടിയ ഡെയ്സി അയല്‍വാസികളുമായി എത്തിയപ്പോഴാണു ബിജുവിനെ മരിച്ച നിലയില്‍ പുരയിടത്തോടു ചേര്‍ന്ന റോഡില്‍ കണ്ടെത്തിയത്. ആന തുമ്പിക്കൈ ഉയര്‍ത്തി അടിച്ചതിന്റെയും ചവിട്ടിയതിന്റെയും ക്ഷതം മൃതദേഹത്തിലുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണനും ജില്ലാ പോലിസ് ചീഫ് വി. അജിത്തും ഇന്നലെ രാവിലെയെത്തി നഷ്ടപരിഹാരവും അടിയന്തിര സുരക്ഷാ നടപടികളും ഉറപ്പ് നല്കിയ ശേഷമാണു മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് നാട്ടുകാര്‍ വിട്ടുനല്‍കിയത്. വനം വകുപ്പിനെതിരേ പ്രതിഷേധിച്ച നാട്ടുകാര്‍ നാലു മണിക്കൂര്‍ ഫോറസ്റ്റ് ഓഫിസും കണമല-പമ്പ ശബരിമല പാതയും ഉപരോധിച്ചു.
ഗതാഗതം സ്തംഭിച്ചതോടെ ജില്ലാ കളക്ടര്‍, പോലീസ് ചീഫ്, ഡിഎഫ്ഒ എന്നിവര്‍ ഫോറസ്റ്റ് ഓഫീസില്‍ ആന്റോ ആന്റണി എംപിയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. പത്തു ലക്ഷം രൂപ ഇന്നു നല്‍കുമെന്നും ബിജുവിന്റെ മകന് വനംവകുപ്പില്‍ ജോലി നല്‍കുമെന്നും വനാതിര്‍ത്തിയില്‍ സുരക്ഷ ഒരുക്കാന്‍ നടപടി സ്വീകരിക്കാമെന്നുമുള്ള വ്യവസ്ഥകള്‍ അധികൃതര്‍ എഴുതി ഒപ്പുവച്ച ശേഷമാണ് ഉപരോധം അവസാനിച്ചത്. കൊല്ലപ്പെട്ട ബിജു തുലാപ്പള്ളിയില്‍ ഓട്ടോ ഡ്രൈവറാണ്.