ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ സഹോദരിമാർക്കു ദാരുണാന്ത്യം. ബോണായി ഫോറസ്റ്റ് ഡിവിഷനിലെ തമാഡ റേഞ്ചിലെ കാന്തപ്പള്ളി ഗ്രാമത്തിലാണു സംഭവം.
സാമിയ മുണ്ട (12), സഹോദരി ചാന്ദ്നി മുണ്ട (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇവർ വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. ആനയെ കണ്ടു വീട്ടിലുണ്ടായിരുന്ന മുതിർന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും സഹോദരിമാർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ആന ഇവരെ ചവിട്ടിക്കൊല്ലുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നു അധികൃതർ അറിയിച്ചു.