ഇടുക്കി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തെ അനാദരിച്ചെന്ന പരാതിയില്ലെന്ന് ഇടുക്കി നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണൻ. തന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയത്.
പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധം കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് നേരത്തേ ഇന്ദിരയുടെ സഹോദരന് സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു.
വിഷയം രാഷ്ട്രീയവത്ക്കരിച്ചതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദിരയുടെ ഭര്‍ത്താവ് വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം, ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തെ തുടർന്ന് എറണാകുളും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എംഎൽഎയേയും പോലീസ് അറസ്റ്റ് ചെയ്തു.
കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാന ആക്രണത്തിൽ ഇന്ദിര മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ആശുപത്രിയിൽ അക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
റോഡ് ഉപരോധിച്ചതിൽ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.