കോഴിക്കോട്: കല്ലൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജു മാറോടിന്റെ വീട് സന്ദർശിക്കാൻ എത്തിയ മന്ത്രി ഒ.ആര്. കേളുവിന്റെ വാഹനം നാട്ടുകാർ തടഞ്ഞു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് അദ്ദേഹത്തിന്റെ വാഹനം വീട്ടിലേക്ക് കടത്തിവിട്ടത്. ഇന്നു രാവിലെയായിരുന്നു സംഭവം.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് സർവകക്ഷിയോഗം നടക്കുകയാണ്. പ്രദേശത്ത് വന്യജീവികളെത്തുന്നതു സ്ഥിരം സംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻപോലും പറ്റാത്തവിധം ആശങ്കയിലാണിവര്‍.
അതിനിടയിലാണു വീണ്ടും ആനക്കലിയിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്നത്. ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമത്തിൽ രാജുവിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. വയലിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തുവച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.