പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അലന്റെ അമ്മ വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കാട്ടാന ആക്രമണത്തിൽ ചെവി അറ്റുപോയ വിജിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി ചെവി തുന്നിപ്പിടിച്ചു. വിജിയുടെ രണ്ടു തോളെല്ലുകൾക്കും ഒടിവുണ്ട്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ നടത്തുകയാണ്. ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ഡിഎഫ്ഒ ഓഫീസ് മാർച്ചിൽ സംഘർഷം.
മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകിട്ട് കടയിൽനിന്നു സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന ആക്രമിക്കുകയായിരുന്നു.
പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കൈയിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുന്പെ ഗുരുതര പരിക്കേറ്റ അലൻ മരിച്ചിരുന്നു.
അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനും ജില്ലാ കലക്ടർക്കും മന്ത്രി നിർദേശം നൽകി. പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ കൂടുതൽ ആർആർടി അംഗങ്ങളെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വന്തം ലേഖകൻ