തൊടുപുഴ: അരിക്കൊമ്പന് വീണ്ടും വനമേഖലയായ മേദക്കാനത്ത് എത്തി. കഴിഞ്ഞ ദിവസം കേരള -തമിഴ്നാട് അതിര്‍ത്തിയിലെത്തിയ ആന തമിഴ്നാട്ടിലേക്കു കടക്കുമോയെന്നു സംശയമുണ്ടായിരുന്നു.
വണ്ണാത്തിപ്പാറ വരെയെത്തിയ ആന വീണ്ടും പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട മേദക്കാനത്തേത്തുതന്നെ തിരികെ മടങ്ങുകയായിരുന്നു.
ഇവിടെ ആഹാരവും വെള്ളവും സുലഭമായി ലഭിക്കുന്നതിനാല്‍ ആന ഇനി അധികം ദൂരം സഞ്ചരിക്കാനിടയില്ലെന്നും ഇവിടുത്തെ സാഹചര്യവുമായി ഇണങ്ങിത്തുടങ്ങിയെന്നുമാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍.
അരിക്കൊമ്പനിൽ ഘടിപ്പിച്ചിട്ടുള്ള സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിഗ്നലുകള്‍ ലഭിക്കാതിരുന്നത് ആശങ്ക പരത്തിയിരുന്നു.
ഇതിനിടെ അരിക്കൊമ്പന് തിരികെ ചിന്നക്കനാലിലേക്കു മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വിദഗ്ധാഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ ചര്ച്ചക്കിടയായിട്ടുണ്ട്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ആന പഴയ ആവാസകേന്ദ്രത്തിലേക്കു മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേരള വനം ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടറും വിദഗ്ധ സമിതിയംഗവുമായ ഡോ. പി.എസ്. ഈസ വ്യക്തമാക്കിയിരുന്നു.
പിന്നീട് ദൗത്യസംഘം തലവന്‍ ഡോ. അരുണ്‍ സഖറിയയും കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആനകള്‍ മടങ്ങി വന്ന ചരിത്രമുണ്ടെന്നു പറഞ്ഞു. ഇതോടെ അരിക്കൊമ്പന് തന്റെ പഴയ തട്ടകമായ ചിന്നക്കനാലിലേക്കു മടങ്ങുമോയെന്ന കാര്യത്തില്‍ ആശങ്ക ഏറിയിട്ടുണ്ട്.
മേദക്കാനത്തുനിന്ന് നൂറ്റിയിരുപത് കിലോമീറ്റര്‍ അകലെയാണ് ചിന്നക്കനാല്‍. എന്നാല്‍ റേഡിയോ കോളര്‍ വഴി വനംവകുപ്പ് ആനയുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നതിനാലും വാച്ചര്‍മാരുടെ ജാഗ്രതയുള്ളതിനാലും ഇതിനുള്ള സാധ്യത വളരെ അകലെയാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.