ന്യൂഡൽഹി: കോവിഡ് കേസുകൾ രാജ്യത്ത് വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണോ എന്ന കാര്യവും ചർച്ചയിൽ.
ഒരാഴ്ച കഴിഞ്ഞ് ഇതേപ്പറ്റി കേന്ദ്ര സർക്കാർ ആലോചിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരാഴ്ച കഴിഞ്ഞ് സ്ഥിതി വീണ്ടും വിലയിരുത്തും.
തല്കാലം നിലവിലെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയയ്ക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
രാജ്യത്തെ കോവിഡ്, എച്ച് 3 എൻ2 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായും കേന്ദ്രസർക്കാർ രണ്ടു ദിവസങ്ങൾക്കു മുൻപ് യോഗം ചേർന്നിരുന്നു.
നീരീക്ഷണവും പരിശോധനയും ശക്തമാക്കും. ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. ജനങ്ങൾ മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും പാലിക്കണം.
കോവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം.
ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന് ഉറപ്പാക്കണം എന്നത് അടക്കം നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നൽകി.
കഴിഞ്ഞ ദിവസങ്ങളില്‍ 1134 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ രാജ്യത്തെ നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 7026 ആയി വര്‍ധിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,30,813 ആയി ഉയർന്നിട്ടുണ്ട്.
കോവിഡ് മരണം: തിരുത്തുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തെന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് തിരുത്തി ആരോഗ്യ വകുപ്പ്.
നേരത്തെ മൂന്ന് മരണം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് വെബ്സൈറ്റിലുള്ള കണക്ക് തിരുത്തി പ്രസിദ്ധീകരിച്ചു. കോവിഡ് ബാധിച്ചുള്ള ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പിന്നീട് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തിയത്.
കോവിഡ് മരണങ്ങള് സംഭവിച്ചിട്ടില്ലെന്നും വെബ്സൈറ്റില്‍ ചേര്‍ത്ത വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു. എവിടെയാണ് പിഴവ് പറ്റിയതെന്ന് പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച 172 കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണു കൂടുതൽ രോഗികൾ. 111 പേരാണു നിലവിൽ സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളത്.