വിവോയ്ക്കു പകരം പതഞ്ജലി ? ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ബാബാ രാംദേവിന്റെ പതഞ്ജലിയും രംഗത്ത്…

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയത്. ഇതോടെ പ്രതിസന്ധിയിലായ ബിസിസിഐയെ രക്ഷിക്കാന്‍ യോഗ ഗുരു രാംദേവ് അവതരിക്കുമോ ?

വിവോയുടെ അവസാന നിമിഷത്തെ പിന്‍മാറ്റത്തെ തുടര്‍ന്ന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ കണ്ടെത്താന്‍ ബിസിസിഐ തീവ്രശ്രമം തുടരുന്നതിനിടെയാണ് പതഞ്ജലിയുടെ രംഗപ്രവേശം. ‘ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന കാര്യം ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുവഴി ആഗോള വിപണിയില്‍ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ’ – പതഞ്ജലി വക്താവ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ബിസിസിഐയ്ക്കു മുന്നില്‍ പ്രൊപ്പോസല്‍ അവതരിപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സറെന്ന നിലയില്‍ വിവോ ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്. പതഞ്ജലി സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്താലും ഇതേ തുക നല്‍കാന്‍ അവര്‍ക്കാകുമോ എന്ന് കണ്ടറിയണം.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്‍മാറിയത്. തല്‍സ്ഥാനത്ത് ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പതഞ്ജലിയുടെ വരവ് ഐപിഎല്ലിനേക്കാള്‍ അവര്‍ക്കു തന്നെയാണ് പ്രയോജനപ്പെടുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചൈനീസ് കമ്പനിയായ വിവോ പിന്‍മാറിയതോടെ ഐപിഎല്‍ സ്‌പോണ്‍സറെത്തേടിയുള്ള ബിസിസിഐയുടെ അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. മുംൈബ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് വഴി റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ താല്‍പര്യമില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആമസോണ്‍, ബൈജൂസ് ആപ്, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ് ടിഎം, ടാറ്റാ മോട്ടോഴ്‌സ് എന്നിവയെയും സ്‌പോണ്‍സര്‍ഷിപ് പ്രതീക്ഷയുമായി ബിസിസിഐ സമീപിച്ചതായി സൂചനകളുണ്ട്. എന്നാല്‍ ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഓരോ വര്‍ഷവും 440 കോടി രൂപ വീതം നല്‍കുന്ന രീതിയില്‍ 5 വര്‍ഷത്തേക്കായിരുന്നു വിവോയുമായി കരാര്‍. തുടക്കത്തില്‍ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്ന ഡിഎല്‍എഫ് വര്‍ഷം 40 കോടി രൂപയ്ക്കാണു കരാര്‍ ഏറ്റെടുത്തിരുന്നത് (5 വര്‍ഷത്തേക്ക് ആകെ 200 കോടിയുടെ കരാര്‍).

പിന്നീടു പെപ്‌സി വന്നപ്പോള്‍ തുക ഇരട്ടിയായി. എന്നാല്‍ പിന്നീട് അഞ്ചര ഇരട്ടി തുക നല്‍കി വിവോയുടെ രംഗപ്രവേശം. ഈ സീസണില്‍ 200 കോടി രൂപയെങ്കിലും നല്‍കാന്‍ തയ്യാറുള്ളവരെയാണ് ബിസിസിഐ തേടുന്നത്.

Related posts

Leave a Comment