കോട്ടൂർ സുനിൽ
കാട്ടാക്കട: തമിഴ്നാട് കോതായാർ മേഖലയിൽ തുറന്നുവിട്ട കാട്ടാന അരിക്കൊന്പൻ നെയ്യാർ വനമേഖലയിൽ എത്താൻ സാധ്യതയെന്ന കണക്കുകൂട്ടലിൽ കേരള വനം വകുപ്പ് ആനയെ നിരീക്ഷിക്കുന്നു.
അരിക്കൊന്പൻ ഇപ്പോൾ അണക്കെട്ടിലെ വെള്ളം കുടിച്ച് കാട്ടിൽ ചുറ്റി കറങ്ങുകയാണ്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പർ കോതയാർ വനമേഖലയിൽ ഇന്നലെ തുറന്നുവിട്ടിരുന്നു.
ആനയെ തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘവും നിരീക്ഷിക്കുന്നുണ്ട്.വെള്ളം കുടിക്കാൻ കോതയാർ ഡാമിന് സമീപത്തെ ജലാശയത്തിന് അടുത്താണ് അരിക്കൊമ്പൻ നിൽക്കുന്നത്. പുതിയ സ്ഥലത്ത് ആനയ്ക്കാവശ്യമായ വെള്ളവും ഭക്ഷണവും ലഭ്യമാണെന്നും വനപാലകർ പറയുന്നു.
വെള്ളം കുടിക്കാനും തീറ്റയെടുക്കാനും കഴിയുന്ന മേഖലയിലാണ് അരിക്കൊമ്പൻ ഉള്ളതെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ആനവേട്ട തടയുന്നതിനുള്ള പത്തംഗ സംഘവും നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാരും ആനയുടെ ആരോഗ്യവും ചലനവും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്.
ക്ഷീണമുള്ളതിനാൽ ആന അധികം ദൂരം സഞ്ചാരിക്കാനിടയില്ലെന്നാണ് അധികൃതർ പറയുന്നത്. ആരോഗ്യം വീണ്ടെടുത്താൽ ആന എങ്ങോട്ടു നീങ്ങുമെന്നതാണ് ഇവരെ വലയ്ക്കുന്നത്.
ആന നെയ്യാറിൽ എത്താനാണ് സാധ്യതയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ റേഡിയോ കോളർ സിഗ്നലുകൾ പരിശോധിച്ചും ആനയുടെ യാത്ര നിരീക്ഷിച്ചും നെയ്യാർ വന്യജീവി സങ്കേതത്തിലെ ടീം സജ്ജമായി ഇരിക്കുകയാണ്.
മഴ ആരംഭിക്കുമ്പോൾ ആന ഏങ്ങോട്ട് യാത്ര ചെയ്യുമെന്നതും ഉദ്യോഗസ്ഥരെ കുഴയ്ക്കുകയാണ്. കോതയാർ, അപ്പർ കോതയാർ വനത്തിലൂടെ നടന്ന് നെയ്യാറിലെത്താനാകും.
മലനിരകളും കുത്തിറക്കവും കയറ്റവും ഉള്ള ഇവിടെ അരിക്കൊമ്പന് 20 കി.മീ മുതൽ 30 കി.മീ വരെ സഞ്ചരിച്ചാൽ നെയ്യാർ വന്യജീവി സങ്കേതത്തിൽ എത്താം. അവിടെ നിന്നും നെയ്യാറിലെ ആനനിരത്തി വഴിയുള്ള ആനത്താരയുണ്ട്. ഇവിടെ ജനവാസകേന്ദ്രവും തോട്ടം മേഖലയുമാണ്. അരിക്കൊമ്പന്റെ വരവിനെ നാട്ടുകാർ ഭീതിയോടെയാണ് കാണുന്നത്.
തണുത്ത കാലാവസ്ഥയുള്ള പ്രദേശമാണ് കന്യാകുമാരി ജില്ലയിലെ അപ്പർ കോതയാർ. ഇതിന് താഴെയാണ് കോതയാറും പേച്ചിപ്പാറയും. ഇതിന് അടുത്ത് കിടക്കുന്നത് നെയ്യാർ വന്യജീവി സങ്കേതം.
തിരുവനന്തപുരത്തുനിന്നു കേവലം 70 കിലോമീറ്റർ താണ്ടി വന്നാൽ അപ്പർ കോതയാറിലെത്താം. അപ്പർ കോതയാറിലാണ് സംസ്ഥാന വനാർത്തി ആരംഭിക്കുന്നത്.
തമിഴ്നാട്ടിലെ കന്യാകുമാരി (നാഗർകോവിൽ )തിരുനെൽവേലി ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വനഭൂമിയാണ് കളക്കാട്- മുണ്ടെൻതുറൈ കടുവാ സങ്കേതം ഈ കടുവാ സങ്കേതം വരുന്ന അപ്പർ കോതയാറിലാണ് അരിക്കൊമ്പൻ തങ്ങുക.
അഗസ്ത്യമലയുടെ മറുഭാഗമായ അഗസ്ത്യകൂടത്തിൽനിന്നും ഒരു കിലോമീറ്റർ കടന്നാൽ കളക്കാട്-മുണ്ടെൻതുറെ സങ്കേതപരിധിയിൽ എത്താം. ഈ വനഭാഗം അറിയപ്പെടുന്നതും അഗസ്ത്യമല എന്നു തന്നെയാണ്.
ഈ വനഭാഗത്ത് 40 ളം ആദിവാസി ഊരുകളുമുണ്ട്. ഇത് വഴി അഗസ്ത്യമലയിലേക്ക് ഊടുവഴി തെളിഞ്ഞു കിടപ്പുണ്ട്. ഈ വഴി ആനകൾ കേരളഭാഗത്ത് എത്താറുണ്ട്.
മുളം കാടുകളും ഈറക്കാടുകളും നിറഞ്ഞ പ്രദേശമാണ് അഗസ്ത്യകൂടം. ഇത് തേടിയാണ് ആനകൾ കൂട്ടമായി എത്തുന്നത്. അതിനാൽ തന്നെ അഗസ്ത്യമലയിലും അരികൊമ്പൻ ചിലപ്പോൾ എത്തിയേക്കാം.
ഈ സങ്കേതത്തിനന്റെ അതിരു പങ്കിടുന്ന പ്രദേശമാണ് നെയ്യാർ- പേപ്പാറ കാടുകൾ. പേപ്പാറയുടെ ഭാഗമാണ് അഗസ്ത്യകൂടം. എന്നാൽ ചുറ്റുമുള്ള വനഭാഗങ്ങൾ നെയ്യാർ വന്യജീവി സങ്കേത്തിൽപ്പെട്ടതാണ്. ചിന്നക്കനാൽ പോലെ അരിക്കൊമ്പന് ഇഷ്ടപ്പെട്ട കാലാവസ്ഥ അപ്പർകോതയാറിലും തൊട്ടുടുത്ത മുത്തുക്കുഴിയിലുമുണ്ട്.