എത്ര ഉയര്‍ന്ന രീതിയിലുള്ള സ്ഥാനമാനങ്ങളിലെത്തിയാലും സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഉപേക്ഷിക്കാന്‍ തായറാവാത്ത ധാരാളമാളുകളുണ്ട്. ഇത്തരത്തിലുള്ള ഒരാളാണ് നെതര്‍ലന്‍ഡ് രാജാവ് വില്ല്യം അലക്‌സാണ്ടര്‍. 21 വര്‍ഷമായി രാജഭരണത്തോടൊപ്പം തന്റെ ഇഷ്ടപ്പെട്ട ജോലിയും ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്സാണ്ടര്‍. 21 വര്‍ഷം ജോലി ചെയ്തിട്ടും ചുരുക്കം ആളുകള്‍ മാത്രമേ ജോലിസ്ഥലത്ത് രാജാവിനെ തിരച്ചറിഞ്ഞിട്ടുള്ളൂ എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. സ്വകാര്യ എയര്‍ലൈന്‍സില്‍ ഗസ്റ്റ് പൈലറ്റായിട്ടാണ് രാജാവ് ഇക്കാലമത്രയും ജോലി ചെയ്തിരുന്നത്.
50 വയസ്സുകാരനായ രാജാവ് 1996 മുതല്‍ പൈലറ്റായി ജോലി ചെയ്യുന്നു. കെഎല്‍എം കമ്പനിയുടെ ഫോക്കര്‍ 70 വിമാനമാണ് അദ്ദേഹം പറത്തുന്നത്. രാജാവ് ആയെങ്കിലും ഇഷ്ട ജോലി ഉപേക്ഷിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം. ഇപ്പോള്‍ ബോയിങ് 737 പറപ്പിക്കാനുള്ള പരിശീലനം നേടുകയാണ് അദ്ദേഹം. പതിറ്റാണ്ടുകളായി ജോലി ചെയ്യുകയാണെങ്കിലും അപൂര്‍വ്വമായി മാത്രമേ ജനങ്ങള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളെന്ന് രാജാവ് പറയുന്നു. മാസത്തില്‍ രണ്ടു തവണയെങ്കിലും സഹ പൈലറ്റായി രാജാവ് പോകാറുണ്ട്. അമ്മ ബിയാട്രിസില്‍ നിന്ന് നാലു വര്‍ഷം മുന്‍പാണ് വില്യം അലക്സാണ്ടര്‍ രാജപദവി ഏറ്റെടുത്തത്. അതിനു ശേഷവും തന്റെ ഇഷ്ടപ്പെട്ട ജോലി തുടരുന്നു. റോയല്‍ നെതര്‍ലന്‍ഡ്സ് എയര്‍ഫോഴ്‌സില്‍ നിന്നാണ് അദ്ദേഹം മിലിട്ടറി പൈലറ്റ് ലൈസന്‍സ് നേടിയത്.