ന്യൂഡല്‍ഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റിനു മുമ്പ് ടീമിനെ കരുപ്പിടിപ്പിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് മുഖമടച്ച് അടി. അഞ്ച് മത്സര പരമ്പരയില്‍ 0-2നു പിന്നില്‍നിന്ന ഓസ്ട്രേലിയ അവസാന മൂന്ന് ഏകദിനങ്ങളും ജയിച്ച് കപ്പുമായി പറന്നു. അതോടെ വാഴ്ത്തലുകള്‍ക്കും പുകഴ്ത്തലുകള്‍ക്കും നടുവില്‍ അനന്തശയനത്തിലായിരുന്ന വിരാട് കോഹ് ലിയുടെയും കൂട്ടരുടെയും മാനം കപ്പലേറി.
നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ 35 റണ്‍സിനാണ് ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കിയത്. പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയ ഉസ്മാന് ഖ്വാജ (100) ആണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ താരവും ഖ്വാജയാണ്. സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പതിന് 272. ഇന്ത്യ 50 ഓവറില്‍ 237.
രോഹിത് മാത്രം
273 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കം മുതല്‍ വിക്കറ്റ് നഷ്ടപ്പെട്ടു. സ്കോര്‍ 15ല്‍ നില്ക്കുമ്പോള് ശിഖര്‍ ധവാനെ (12 റണ്‍സ്) പുറത്താക്കി പാറ്റ് കമ്മിൻസ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ (20 റണ്‍സ്) സ്റ്റോയിനിസ് മടക്കിയതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞു.
ഓപ്പണര്‍ രോഹിത് ശര്‍മ (56 റണ്‍സ്) അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇന്ത്യയെ ജയത്തിലെത്തിക്കാനായില്ല. കേദാര്‍ ജാദവും (44 റണ്‍സ്) ഭുവനേശ്വര്‍ കുമാറും (46 റണ്‍സ്) പൊരുതിയെങ്കിലും അവരെക്കൊണ്ടും കൂട്ടിയാല്‍ കൂടാത്തതായിരുന്നു വിജയലക്ഷ്യം. എന്നാല്‍, തോല്‍വി ഭാരം കുറയ്ക്കാന്‍ ഇവരുടെ ഇന്നിംഗ്സുകള്‍ക്കു സാധിച്ചു.
മലപോലെ വന്നു, പക്ഷേ
കൂറ്റന്‍ സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങുന്നതിന്റെ സൂചനകളാണ് 32 ഓവര്‍വരെ കണ്ടത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും (27 റണ്‍സ്), ഉസ്മാന് ഖ്വാജയും (100 റണ്‍സ്) ആദ്യ വിക്കറ്റില്‍ നേടിയത് 76 റണ്‍സ്. രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും ഖ്വാജയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 99 റണ്‍സ്.
ഖ്വാജയുടെ വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ ഇന്ത്യക്ക് ആശ്വാസം പകര്‍ന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 175 എന്ന നിലയില്നില്ക്കേയാണ് ഖ്വാജ പുറത്തായത്. തുടര്‍ന്ന് മധ്യഓവറുകള്‍ ജസ്പ്രീത് ബുംറയുടെയും രവീന്ദ്ര ജഡേജയുടെയും നേതൃത്വത്തില്‍ ബൗളിംഗിനു കൃത്യത വന്നതോടെ ഓസ്ട്രേലിയന്‍ സ്കോറിംഗ് പിന്നോട്ടടിച്ചു.
എട്ട് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയ ബുംറയ്ക്ക് പക്ഷേ ഒമ്പതാം ഓവറില്‍ അടികിട്ടി. ഇന്നിംഗ്സിലെ 48-ാം ഓവര്‍ എറിയാനെത്തിയ ബുംറ 19 റണ്‍സ് വഴങ്ങി. എന്നാല്‍, ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറവ് റണ്‍ വഴങ്ങിയത് (10 ഓവറില്‍ 39) ബുംറയും ജഡേജയും (10 ഓവറില്‍ 45) ആയിരുന്നു.
സ്കോര്‍ബോര്‍ഡ് / ടോസ്: ഓസ്ട്രേലിയ
ഓസ്ട്രേലിയ ബാറ്റിംഗ്: ഖ്വാജ സി കോഹ്ലി ബി ഭുവനേശ്വര്‍ 100, ആരോണ്‍ ഫിഞ്ച് ബി ജഡേജ 27, ഹാന്‍ഡ്സ്കോമ്പ് സി പന്ത് ബി ഷാമി 52, മാക്സ്വെല് സി കോഹ്ലി ബി ജഡേജ 1, സ്റ്റോയിനിസ് ബി ഭുവനേശ്വര്‍ 20, ടര്‍ണര്‍ സി ജഡേജ ബി കുല്‍ദീപ് 20, കറെ സി പന്ത് ബി ഷാമി 3, റിച്ചാര്ഡ്സണ് റണ്ണൗട്ട് 29, കമ്മിന്‍സ് സി ആന്‍ഡ് ബി ഭുവനേശ്വര്‍ 15, ലിയോണ്‍ നോട്ടൗട്ട് 1, എക്സ്ട്രാസ് 4, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272.
ബൗളിംഗ്: ഭുവനേശ്വര്‍ 10-0-48-3, ഷാമി 9-0-57-2, ബുംറ 10-0-39-0, കുല്‍ദീപ് 10-0-74-1, ജഡേജ 10-0-45-2, ജാദവ് 1-0-8-0.
ഇന്ത്യ ബാറ്റിംഗ്: രോഹിത് സ്റ്റംപ്ഡ് കറെ ബി സാംപ 56, ധവാന് സി കറെ ബി കമ്മിന്‍സ് 12, കോഹ്ലി സി കറെ ബി സ്റ്റോയിനിസ് 20, പന്ത് സി ടര്‍ണര്‍ ബി ലിയോണ്‍ 16, വിജയ് ശങ്കര്‍ സി ഖ്വാജ ബി സാംപ 16, കേദാര്‍ ജാദവ് സി മാക്സ്വെല് ബി റിച്ചാര്ഡ്സണ് 44, ജഡേജ സ്റ്റംപ്ഡ് കറെ ബി സാംപ 0, ഭുവനേശ്വര്‍ സി ഫിഞ്ച് ബി കമ്മിന്‍സ് 46, ഷാമി സി ആന്‍ഡ് ബി റിച്ചാര്ഡ്സണ് 3, കുല്‍ദീപ് യാദവ് ബി സ്റ്റോയിനിസ് 8, ബുംറ നോട്ടൗട്ട് 1, എക്സ്ട്രാസ് 15, ആകെ 50 ഓവറില്‍ 237.
ബൗളിംഗ്: കമ്മിന്‍സ് 10-1-38-2, റിച്ചാര്ഡ്സണ് 10-0-47-2, സ്റ്റോയിനിസ് 4-0-31-2, ലിയോണ്‍ 10-1-34-1, സാംപ 10-1-46-3, മാക്സ്വെല് 6-0-34-0.