ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ശക്തരായ ബെൽജിയത്തെ സമനിലയിൽ കുടുക്കി ഇന്ത്യ. പൂൾ സിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടി ഇരുടീമുകളും സമനില പാലിക്കുകയായിരുന്നു.
ഒരു ഗോളിനു പിന്നിൽനിന്നശേഷം രണ്ടെണ്ണമടിച്ച് മുന്നിൽകടന്നെങ്കിലും ഇന്ത്യക്കു ജയിക്കാൻ സാധിച്ചില്ല. രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി ഇന്ത്യ പൂളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും പോയിന്റുള്ള ബെൽജിയം ഗോൾ ശരാശരിയിൽ രണ്ടാമതാണ്.
എട്ടാം മിനിറ്റിൽ അലക്സാണ്ടർ റോബി ഹെൻഡ്രിക്സാണ് ബെൽജിയത്തിനെ മുന്നിലെത്തിച്ചത്. 30-ാം മിനിറ്റിൽ ഹർമൻപ്രീത് സിംഗ് ഇന്ത്യയെ ഒപ്പമെത്തിച്ചു. 47-ാം മിനിറ്റിൽ സിമ്രൻജീത് സിംഗിന്റെ ഉജ്വല ഗോളിൽ ഇന്ത്യ 2-1-നു മുന്നിലെത്തി. 56-ാം മിനിറ്റിൽ ബെൽജിയം ഗോളിയെ പിൻവലിച്ച് ഒരു കളിക്കാരനെക്കൂടി ഇറക്കി. സിമണ്‍ ഗഗ്നാർഡിലൂടെ അതേ മിനിറ്റിൽ അവർ ഒപ്പമെത്തുകയും ചെയ്തു.
ശനിയാഴ്ച കാനഡയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ ജയം സ്വന്തമാക്കിയാൽ ഇന്ത്യക്ക് ക്വാർട്ടറിനു നേരിട്ട് യോഗ്യത നേടാം.