കൊളംബോ: മുഷ്ഫിക്കർ റഹീമിന്റെ പോരാട്ടത്തിനും ബംഗ്ലാദേശിനെ രക്ഷിക്കാനായില്ല. വാഷിംഗ്ടൺ സുന്ദറിന്റെ മൂന്നു വിക്കറ്റ് മികവിൽ ബംഗ്ലാദേശിനെ 17 റൺസിന് തകർത്ത ഇന്ത്യ ത്രിരാഷ്ട്ര ട്വന്റി-20 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാനെ സാധിച്ചുള്ളു.
അർധ സെഞ്ചുറിയുമായി പുറത്താകാതെനിന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കർ റഹീം (72) ബംഗ്ലാദേശിനു പ്രതീക്ഷ നൽകിയെങ്കിലും പിന്തുണ നൽകാനാളുണ്ടായില്ല. 55 പന്തിൽനിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു മുഷ്ഫിക്കറിന്റെ ഇന്നിംഗ്സ്. ബംഗ്ലാദേശ് നിരയിൽ 27 റൺസ് വീതമെടുത്ത തമിം ഇക്ബാലും സാബിർ റഹിമും മാത്രമാണ് മുഷ്ഫിക്കറിനു പിന്തുണ നൽകിയത്.
മുൻനിരയെ അരിഞ്ഞു വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറാണ് ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കി ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. ചാഹലും ശാർദുൽ താക്കൂറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടൂർണമെന്റിൽ തുടർ പരാജയമായിരുന്ന രോഹിത് ശർമയുടെ (89) ഇന്നിംഗ്സാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മെല്ലെത്തുടങ്ങി കത്തിക്കയറിയ രോഹിത് 61 പന്തിൽ അഞ്ച് വീതം സിക്സറുകളുടേയും ബൗണ്ടറികളുടേയും അകമ്പടിയോടെയാണ് 89 റൺസെടുത്തത്. ധവാനൊപ്പം ആദ്യ വിക്കറ്റിൽ 70 റൺസാണ് കൂട്ടിച്ചേർത്തത്.
27 പന്തിൽ 35 റൺസെടുത്ത് പുറത്തായ ധവാനു പിന്നാലെയെത്തിയ സുരേഷ് റെയ്നയും ക്യാപ്റ്റനു പിന്തുണ നൽകി. അവസാന ഓവറിൽ റെയ്ന വീഴുമ്പോൾ അതിനകം ഇരുവരും 102 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. ഇന്നിംഗ്സിന്റെ അവസാന പന്തിൽ രോഹിത് റൺ ഔട്ട് ആയപ്പോൾ ദിനേഷ് കാർത്തിക് (2) പുറത്താകാതെ നിന്നു.