ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം. ബ്രിസ്ബെയ്നിലെ നാലാം ടെസ്റ്റിൽ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോൽപ്പിച്ചു. 328 റണ്സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശുഭ്മാൻ ഗിൽ (91), റിഷഭ് പന്ത് (പുറത്താകാതെ 89), ചേതേശ്വർ പൂജാര (56) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് അവിശ്വസിനീയ ജയം സമ്മാനിച്ചത്.
32 വർഷം തോൽവിയറിയാതെ ഓസ്ട്രേലിയ മുന്നേറിയ മൈതാനത്താണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിൽ വിജയിച്ച ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫിയും നിലനിർത്തി.
വിരാട് കോഹ്ലി, ആർ.അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ മുൻനിര താരങ്ങളൊന്നും ഇല്ലാതെയാണ് അവസാന ടെസ്റ്റിൽ ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്. യുവതാരങ്ങളുടെ മികച്ച പോരാട്ടവീര്യമാണ് ഐതിഹാസിക പരമ്പര ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്.
അഞ്ചാം ദിനം തുടക്കത്തിൽ തന്നെ രോഹിത് ശർമയെ (7) ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. എന്നാൽ പതിവ് പോലെ മൂന്നാമനായി ക്രീസിലെത്തിയ പൂജാര നങ്കൂരമിട്ടതോടെ ഒരുവശം ഉറച്ചു. മറുവശത്ത് ഓസീസ് പേസ് പടയെ പേടിയില്ലാതെ നേരിട്ട യുവതാരം ശുഭ്മാൻ ഗിൽ സ്കോർ അനായാസം ഉയർത്തി.
സെഞ്ചുറിക്ക് ഒൻപത് റണ്സ് അകലെ ഗിൽ വീണെങ്കിലും പന്ത് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. നായകൻ അജിങ്ക്യ രഹാനെ (24), വാഷിംഗ്ടണ് സുന്ദർ (22) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് കാര്യമായ സംഭാവന നൽകി. ഓസീസിനായി പാറ്റ് കമ്മിൻസ് നാല് വിക്കറ്റ് വീഴ്ത്തി.