കൊളംബോ: തോൽവിയുമായി മുഖാമുഖമെത്തിയെങ്കിലും അവസാന പന്തിൽ ലങ്കയിൽ ഇന്ത്യ കാർത്തിക ദീപം തെളിച്ചു. നിതാഹാസ് ട്വന്റി-20 ഫൈനലിൽ ദിനേഷ് കാർത്തികിന്റെ വെടിക്കെട്ടിന്റെയും (എട്ട് പന്തിൽ 29 നോട്ടൗട്ട്), അർധസെഞ്ചുറി നേടിയ രോഹിത് ശർമയുടെയും (42 പന്തിൽ 56) മികവിൽ ഇന്ത്യ ബംഗ്ലാദേശിനെ നാലു വിക്കറ്റിനു കീഴടക്കി കിരീടം സ്വന്തമാക്കി.
അവസാന പന്തിൽ അഞ്ച് റണ്‍സ് ജയിക്കാൻ വേണ്ടിയിരുന്ന ഇന്ത്യയെ സിക്സർ അടിച്ച് കാർത്തിക് വിജയതീരമണയ്ക്കുകയായിരുന്നു. സ്കോർ: ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 166. ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168.
19 പന്തിൽ 17 റണ്‍സ് നേടിയ വിജയ് ശങ്കറും 27 പന്തിൽ 28 റണ്‍സ് നേടിയ മനീഷ് പാണ്ഡെയും ഇന്ത്യൻ സ്കോറിംഗിന്റെ വേഗത കുറച്ചതാണ് അവസാന ഓവറുകളിൽ പിരിമുറുക്കം വർധിപ്പിച്ചത്. ഏഴാമനായെത്തി നേരിട്ട ആദ്യ പന്ത് സിക്സർ പറത്തിത്തുടങ്ങിയ കാർത്തികിന്റെ വെടിക്കെട്ടാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.
മൂന്ന് സിക്സും രണ്ട് ഫോറും അടങ്ങുന്നതാണ് കാർത്തികിന്റെ ഇന്നിംഗ്സ്. 19-ാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 22 റണ്‍സാണ് കാർത്തിക് സ്വന്തമാക്കിയത്. 19-ാം ഓവറിലായിരുന്നു കാർത്തിക് ക്രീസിലെത്തിയത്. കാർത്തിക് ആണ് മാൻ ഓഫ് ദ മാച്ച്.
ടോസ് ജയിച്ച് ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ആദ്യ ഓവറുകളിൽ ആക്രമിച്ചുകളിക്കുന്ന ബംഗ്ലാ ഓപ്പണർമാരെയാണ് പ്രേമദാസ സ്റ്റേഡിയത്തിൽ കണ്ടത്. കോടികൾ മുടക്കി ഐപിഎലിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ ജയദേവ് ഉനദ്കട് എറിഞ്ഞ ആദ്യ ഓവറിൽ ഒരു ഫോർ അടക്കം തമിം ഇഖ്ബാലും ലിടണ്‍ ദാസും ചേർന്ന് നേടിയത് ഒന്‍പത് റണ്‍സ്.
രണ്ടാം ഓവർ എറിഞ്ഞ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തുകൾക്ക് മുന്നിൽ ബംഗ്ലാ ഓപ്പണർമാർ ചെറിയ മൗനം പാലിച്ചു. മൂന്നാം പന്തിൽ ഇഖ്ബാൽ എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ചു. എന്നാൽ, അടുത്ത ഓവറിൽ ഉനദ്കട് ഒരു സിക്സർ ഉൾപ്പെടെ വിട്ടുകൊടുത്തത് 13 റണ്‍സ്.
അതോടെ ബംഗ്ലാദേശിന്റെ സ്കോർ മൂന്ന് ഓവറിൽ 26. നാലാം ഓവറിന്റെ രണ്ടാം പന്തിൽ വാഷിംഗ്ടണ്‍ സുന്ദർ ബംഗ്ലാദേശ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചു. ലിടണ്‍ ദാസിന്റെ ബാറ്റിൽനിന്ന് ടോപ് എഡ്ജ് ആയി ഉയർന്ന പന്ത് സുരേഷ് റെയ്നയുടെ കൈകളിൽ ഭദ്രം. ഒന്‍പത് പന്തിൽനിന്ന് 11 റണ്‍സ് ആയിരുന്നു ദാസിന്റെ സന്പാദ്യം.
രണ്ട് ഓവറിൽ 22 റണ്‍സ് വഴങ്ങിയ ഉനദ്കടിനെ പിൻവലിച്ച് രോഹിത് ശർമ പന്ത് ചാഹലിനു കൈമാറി. നാലാം ഓവറിന്റെ രണ്ടാം പന്തിൽ അതിന്റെ ഫലം വന്നു. 13 പന്തിൽ 15 റണ്‍സ് എടുത്ത ഇഖ്ബാൽ പുറത്ത്. ഓവറിന്റെ അവസാന പന്തിൽ സ്വീപ്പ് ഷോട്ടിനുശ്രമിച്ച സൗമ്യ സർക്കാറിനെ (ഒരു റണ്‍) സ്ക്വയർ ലെഗിൽ ശഖർ ധവാൻ പിടികൂടി.
പിന്നീട് എട്ടാം ഓവറിലാണ് ഇന്ത്യ പത്തിൽ അധികം റണ്‍സ് വഴങ്ങിയത്. വിജയ് ശങ്കർ എറിഞ്ഞ ആ ഓവറിൽ ഒരു സിക്സും ഒരു ഫോറും അടക്കം പിറന്നത് 14 റണ്‍സ്. നാലാം വിക്കറ്റിൽ സബീർ റഹ്മാനും മുഷ്ഫിക്കർ റഹിമും പതിയെ മുന്നേറ്റമാരംഭിക്കുന്പോൾ ചാഹലിനെ രോഹിത് വീണ്ടും കൊണ്ടുവന്നു.
പതിനൊന്നാം ഓവറിന്റെ ആദ്യപന്തിൽത്തന്നെ ചാഹൽ മുഷ്ഫിക്കറിനെ (12 പന്തിൽ ഒന്‍പത്) ശങ്കറിന്റെ കൈകളിലെത്തിച്ചു. ബംഗ്ലാദേശ് നാലിന് 68. അഞ്ചാം വിക്കറ്റിൽ മുഹമ്മദുള്ളയും (16 പന്തിൽ 21) സബീർ റഹ്മാനും (50 പന്തിൽ 77 റണ്‍സ്) 36 റണ്‍സ് കൂട്ടിച്ചേർത്ത് സ്കോർ 100 കടത്തി.
മുഹമ്മദുള്ള റണ്ണൗട്ട് ആയതോടെ ഷക്കീബ് അൽ ഹസൻ (ഏഴ് റണ്‍സ്) എത്തിയെങ്കിലും വേഗം മടങ്ങി. ഏഴ് പന്തിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം 19 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഹസൻ മിറാസ് ബംഗ്ലാദേശിനെ പൊരുതാനുള്ള സ്കോറിൽ എത്തിച്ചു.