ലണ്ടൻ: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. 151 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. അവസാന ദിനം അപ്രതീക്ഷിത ബാറ്റിംഗ് കാഴ്ചവച്ച മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയുമാണ് ഇന്ത്യയുടെ ഹീറോകൾ. ബുംറ മൂന്ന് വിക്കറ്റും വീഴ്ത്തി.
ഇന്ത്യ ഉയർത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ പിഴച്ചു. ആദ്യ ഓവറിൽ തന്നെ ബുംറ ബോണ്‍സിനെ പൂജ്യനായി മടക്കി. അടുത്ത ഓവറിൽ സിബ് ലിയെ റണ്ണെടുക്കും മുൻപ് ഷമി പുറത്താക്കി.
ഹസീബ് ഹമീദും റൂട്ടും പിടിച്ചുനില്ക്കാൻ ശ്രമിച്ചു. ഹമീദിനെ (9) പുറത്താക്കി ഇഷാന്ത് ശർമ കൂട്ടുകെട്ട് പൊളിച്ചു. ജോണി ബെയർസ്റ്റോയെ ഇഷാന്ത് വിക്കറ്റിനു മുന്നിൽ കുരുക്കി. അടുത്ത ഓവറിൽ റൂട്ടും വീണതോടെ ഇന്ത്യക്കു വിജയപ്രതീക്ഷയായി.
ബട്ലറും മോയിൻ അലിയും പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും മുഹമ്മദ് സിറാജ് അതിന് വിള്ളൽ വീഴ്ത്തി. മോയിൻ അലിയെ (13) സിറാജ് മടക്കി. പിന്നാലെ സാം കരനെയും പൂജ്യത്തിന് സിറാജ് മടക്കി. പിന്നീട് ബട്ലർ റോബിൻസണിനൊപ്പം ചേർന്ന് വെല്ലുവിളി ഉയർത്തിയെങ്കിലും ബുംറ അതു ഭേദിച്ചു.
52-ാം ഓവറിൽ ബട്ലറെയും ജയിംസ് അൻഡേഴ്സണെയും പവലിയൻ കയറ്റി സിറാജ് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇന്ത്യയ്ക്കായി സിറാജ് നാലും ബുംറ മൂന്നും ഇഷാന്ത് ശർമ രണ്ടും ഷമി ഒരു വിക്കറ്റും വീഴ്ത്തി.
ആറു വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സെന്ന നിലയിൽ അഞ്ചാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് 13 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഋഷഭ് പന്തിനെ (22) നഷ്ടപ്പെട്ടു. പിന്നാലെ 16 റണ്‍സെടുത്ത ഇഷാന്ത് ശർമയെയും റോബിൻസണ്‍ തിരിച്ചയച്ചു. പിന്നീടാണ് ബുംറയും ഷമിയും ഒന്നിച്ചത്.
എട്ടു വിക്കറ്റിന് 209 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ബുംറയും ഷമിയും കൈപിടിച്ചുയർത്തുകയായിരുന്നു. ഒൻപതാം വിക്കറ്റിൽ ഇരുവരും 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ഒൻപതാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. ഷമി 70 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 56 റണ്‍സെടുത്തപ്പോൾ 64 പന്തിൽ 34 റണ്‍സുമായി ബുംറ പിന്തുണ നൽകി.
ഏകദിന ശൈലിയിൽ ബാറ്റുചെയ്ത ഷമി സിക്സിലൂടെ അർധ സെഞ്ചുറിയിലെത്തി. ടെസ്റ്റ് കരിയറിൽ ഷമിയുടെ രണ്ടാം അർധ സെഞ്ചുറിയാണിത്.ജയത്തോടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. സ്കോർ: ഇന്ത്യ 364 & 298/8 ഡിക്ലയർ, ഇംഗ്ലണ്ട് 391 & 120.