മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര ഇന്ത്യ 1-0നു സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ 372 റണ്‍സിന്റെ റിക്കാർഡ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്.
അജാസ് പട്ടേലിന്റെ 10 വിക്കറ്റ് പ്രകടനം, ആർ. അശ്വിന്റെ റിക്കാർഡ് വിക്കറ്റ് വേട്ട, ന്യൂസിലൻഡിന്റെ 62 റണ്‍സ് പുറത്താകൽ, മായങ്ക് അഗർവാളിന്റെ മിന്നും ബാറ്റിംഗ് തുടങ്ങി സംഭവ ബഹുലമായിരുന്നു മുംബൈ വാങ്കഡെ ടെസ്റ്റ്.
സ്കോർ: ഇന്ത്യ 325, 276/7 ഡിക്ലയേർഡ്. ന്യൂസിലൻഡ് 62, 167. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും (150) രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറിയും (62) നേടിയ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ ടെസ്റ്റിൽ ആറും രണ്ടാം ടെസ്റ്റിൽ എട്ടും വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് പരന്പരയുടെ താരം.
എല്ലാം ശടപടേന്ന്…!
540 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യംകണ്ട് ഭയന്ന ന്യൂസിലൻഡ് മൂന്നാം ദിനം അവസാനിപ്പിച്ചത് രണ്ടാം ഇന്നിംഗ്സിൽ 45 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സ് എന്ന നിലയിലായിരുന്നു. നാലാം ദിനമായ ഇന്നലെ മത്സരം ആരംഭിക്കുന്പോഴത്തെ ഒരേയൊരു ചോദ്യം ന്യൂസിലൻഡ് എത്രനേരം ക്രീസിൽ പിടിച്ചുനിൽക്കും എന്നത്.
അതിന്റെ ഉത്തരം ശടപടേന്ന് കിവികളെ പറപ്പിച്ച് ഇന്ത്യ നൽകി. നാലാം ദിനം 11.3 ഓവർ മാത്രമാണ് ഇന്ത്യക്ക് ബൗൾ ചെയ്യേണ്ടിവന്നത്. 56.3 ഓവറിൽ 167 റണ്‍സിന് കിവീസ് പുറത്ത്, ഇന്ത്യക്ക് 372 റണ്‍സിന്റെ ജയം.
ക്യാപ്റ്റൻ കോഹ്ലി
വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തം മണ്ണിൽ ജയിക്കുന്ന 11-ാം ടെസ്റ്റ് പരന്പരയാണ്. കോഹ്ലിക്കു കീഴിൽ ഇന്ത്യ ഇതുവരെ ഒരു ഹോം ടെസ്റ്റ് സീരീസും നഷ്ടപ്പെടുത്തിയിട്ടില്ല. ന്യൂസിലൻഡിനെതിരേ ഇന്ത്യയുടെ തുടർച്ചയായ നാലാം ഹോം സീരിസ് ജയവുമാണിത്.
ഇന്ത്യയിൽ കളിച്ച 12 ടെസ്റ്റ് പരന്പരയിലും ന്യൂസിലൻഡ് തോൽവി രുചിച്ചു. സ്വന്തം മണ്ണിൽ ഇന്ത്യ തുടർച്ചയായി നേടുന്ന 14-ാം ടെസ്റ്റ് പരന്പരയുമാണിത്. 2013നു ശേഷം ഇന്ത്യ സ്വന്തം കാണികൾക്കു മുന്നിൽ ഒരു ടീമിനു മുന്നിലും ടെസ്റ്റ് പരന്പര അടിയറ വച്ചിട്ടില്ല.
50 കോഹ് ലി ജയം
രാജ്യാന്തര ക്രിക്കറ്റിൽ പുതിയൊരു റിക്കാർഡുകൂടി സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും 50 വിജയം നേടുന്ന ആദ്യ കളിക്കാരനെന്ന റിക്കാർഡാണ് കോഹ്ലിയെ തേടിയെത്തിയത്.
അശ്വിന്റെ വിക്കറ്റ് വേട്ട
ഇന്ത്യ x ന്യൂസിലൻഡ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റിക്കാർഡ് ഇന്ത്യയുടെ ആർ. അശ്വിൻ സ്വന്തമാക്കി, ഒന്‍പത് ടെസ്റ്റിൽനിന്ന് 66 വിക്കറ്റ്. 14 ടെസ്റ്റിൽ നിന്ന് 65 വിക്കറ്റ് സ്വന്തമാക്കിയ ന്യൂസിലൻഡ് റിച്ചാർഡ് ഹാർഡ്ലിയെയാണ് അശ്വിൻ മറികടന്നത്.
12 ടെസ്റ്റിൽനിന്ന് 57 വിക്കറ്റ് നേടിയ ഇന്ത്യൻ മുൻ താരം ബിഷൻ സിംഗ് ബേദിയാണ് മൂന്നാമത്. അനിൽ കുംബ്ലെയ്ക്കുശേഷം ഹോം ടെസ്റ്റിൽ 300ൽ അധികം വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിലും അശ്വിൻ എത്തി.
ഇന്ത്യൻ ജയം
റണ്‍സ് അടിസ്ഥാനത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ ജയമാണ് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 372 റണ്‍സിന്റേത്. 2015ൽ ഡൽഹിയിൽവച്ച് ദക്ഷിണാഫ്രിക്കയെ 337 റണ്‍സിനു തോൽപ്പിച്ചതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ജയം. 2016ൽ ഇൻഡോറിൽവച്ച് ന്യൂസിലൻഡിനെ 321 റണ്‍സിനു കീഴടക്കിയതാണ് മൂന്നാം സ്ഥാനത്ത്.
റാങ്കിംഗിൽ ഇന്ത്യൻ ഒന്നാമത്
ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര 1-0നു സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഐസിസി ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസിലൻഡിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
ഇന്ത്യക്ക് 124 ഉം രണ്ടാമതുള്ള ന്യൂസിലൻഡിന് 121 ഉം പോയിന്റാണുള്ളത്. ഓസ്ട്രേലിയ (108), ഇംഗ്ലണ്ട് (107) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.