അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിന് എതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തിൽ 96 റൺസ് ജയം നേടിയതോടെയാണിത്. സ്കോർ: ഇന്ത്യ 50 ഓവറിൽ 265. വെസ്റ്റ് ഇൻഡീസ് 37.1 ഓവറിൽ 169. മൂന്നാം ഏകദിനത്തിലും വിൻഡീസിന് 200 കണ്ടെത്താൻ സാധിച്ചില്ല.
ശ്രേയസ് – പന്ത്
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 9.3 ഓവറിൽ 42 റണ്‍സ് എടുക്കുന്നതിനിനെ മൂന്ന് മുൻനിര ബാറ്റർമാരെ നഷ്ടപ്പെട്ടു. ക്യാപ്റ്റൻ രോഹിത് ശർമ (13), വിരാട് കോഹ്ലി (0), ശിഖർ ധവാൻ (10) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിലേ നഷ്ടമായത്.
എന്നാൽ, നാലാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ (111 പന്തിൽ 80), ഋഷഭ് പന്ത് (54 പന്തിൽ 58) കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. ഇരുവരും ചേർന്ന് 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പന്ത് ഒരു സിക്സും ആറ് ഫോറും പറത്തി. ഒന്‍പത് ഫോറിന്റെ അകന്പടിയോടെയായിരുന്നു ശ്രേയസ് അയ്യറിന്റെ ഇന്നിംഗ്സ്.
ഇവർക്ക് ശേഷം വാലറ്റത്ത് 38 പന്തിൽ നിന്ന് രണ്ടു സിക്സും നാല് ഫോറുമടക്കം 38 റണ്‍സെടുത്ത ദീപക് ചാഹറും 34 പന്തിൽ നിന്ന് 33 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും ചേർന്ന് ഇന്ത്യയെ 250 കടക്കാൻ സഹായിച്ചു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 53 റണ്‍സ് നേടി. സൂര്യകുമാർ യാദവിന് (6) മികവിലേക്കുയരാൻ സാധിച്ചില്ല.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരന്പര സ്വന്തമാക്കിയ ഇന്ത്യ നാലു മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. കെ.എൽ. രാഹുൽ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹൽ, ഷാർദുൾ ഠാക്കൂർ എന്നിവർക്ക് പകരം ശിഖർ ധവാൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ്, ദീപക് ചാഹർ എന്നിവർ ടീമിലെത്തി.
എറിഞ്ഞിട്ടു
266 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇൻഡീസിന് നാലാം ഓവർ മുതൽ വിക്കറ്റ് നഷ്ടപ്പെട്ടു. ഷായ് ഹോപ്പിനെ (5) വീഴ്ത്തി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ഒന്‍പതാം നന്പർ ബാറ്ററായെത്തിയ ഒഡീൻ സ്മിത്ത് (18 പന്തിൽ 36) ആണ് വിൻഡീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹർ, കുർദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
മൂന്ന് ഏകദിനങ്ങളിൽനിന്നായി ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയാണ് പരന്പരയുടെ താരം.