ബിർമിങാം: ക്യാപ്റ്റൻ റൂട്ടിന്റെ വഴിയെ ആദ്യ ടെസ്റ്റിൽ റൂട്ട് ഉറപ്പിക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങളെ ഇന്ത്യ ചുരുട്ടിക്കെട്ടി. നാല് വിക്കറ്റ് പിഴുത ആർ. അശ്വിന്റെ മികവിൽ ആദ്യ ദിനം ഇംഗ്ലണ്ടിനെ ഒമ്പതു വിക്കറ്റിന് 285 റൺസിനു ഇന്ത്യ പിടിച്ചിട്ടു. ക്യാപ്റ്റൻ ജോ റൂട്ടും (80) ജോണി ബെയർസ്റ്റോയും (70) ഓപ്പണർ ജെന്നിംഗ്സും (40) മികച്ച തുടക്കം നൽകിയിട്ടും ഇംഗ്ലണ്ടിന് മുതലാക്കാനായില്ല. മൂന്നു വിക്കറ്റിന് 216 എന്ന ശക്തമായ നിലയിൽനിന്ന് ഇംഗ്ലണ്ട് തകർന്നു വീണത്.
ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ മികച്ച് പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ 69 റൺസിനിടെ ആറ് വിക്കറ്റുകളാണ് പിഴുതത്. റൂട്ടിനെ ഇന്ത്യൻ ക്യാപ്റ്റൻ റൺഔട്ട് ആക്കിയപ്പോൾ ബെയർസ്റ്റോയെ ഉമേഷ് യാദവ് പുറത്താക്കി. ജെന്നിംഗ്സിന്റെ വിക്കറ്റ് മുഹമ്മദ് ഷമിക്കായിരുന്നു.
ഓപ്പണർ അലിസ്റ്റർ കുക്കിനെ (13) വീഴ്ത്തി അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ഉച്ചയ്ക്കു ശേഷം വീണ്ടും ആക്രമണകാരിയായി മാറിയ അശ്വിനുമുന്നിൽ സ്റ്റോക്സും (21) ബട്ലറും (0) ബ്രോഡും (1) വീണു. റാഷിദിന്റെ വിക്കറ്റ് ഇഷാന്ത് ശർമയ്ക്കാണ്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ സാം കുറണും (24) റണ്ണൊന്നും എടുക്കാതെ ജ യിംസ് ആൻഡേഴ്സണനുമാണ് ക്രീസിൽ.