ടോണ്ടൻ: ഇന്ത്യക്കെതിരായ പരാജയത്തിനുശേഷം പാക്കിസ്ഥാനെതിരായ ജയത്തിലൂടെ കംഗാരുക്കൾ തിരിച്ചെത്തി. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഡേവിഡ് വാർണറുടെ (107 റണ്‍സ്) സെഞ്ചുറിയിൽ ഓസ്ട്രേലിയ പാക്കിസ്ഥാനെ 41 റണ്‍സിനു കീഴടക്കി.
വാർണർ ഷോ
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണർമാർ ഉജ്വല പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഡേവിഡ് വാർണറും (111 പന്തിൽ 107 റണ്‍സ്) ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചും (84 പന്തിൽ 82 റണ്‍സ്) ചേർന്ന് 22 ഓവറിൽ 146 റണ്‍സ് നേടി. 23-ാം ഓവറിന്റെ ആദ്യ പന്തിൽ മുഹമ്മദ് അമീർ ഇവരുടെ കൂട്ടുകെട്ട് പൊളിച്ചു. രണ്ടാം വിക്കറ്റിൽ വാർണറും സ്റ്റീവ് സ്മിത്തും (10 റണ്‍സ്) ചേർന്ന് നേടിയ 43 റണ്‍സ് ആണ് പിന്നീടുണ്ടായ മികച്ച കൂട്ടുകെട്ട്. ഒരു ഓസീസ് താരം ഈ ലോകകപ്പിൽ നേടുന്ന ആദ്യ സെഞ്ചുറിയാണ് ഇന്നലെ വാർണർ സ്വന്തമാക്കിയത്.
ഏകദിനത്തിൽ വാർണറിന്റെ 15-ാം സെഞ്ചുറിയാണ്. ഒരു വർഷവും ഒന്‍പതു മാസത്തിനും ശേഷമാണ് (അവസാന സെഞ്ചുറി 2017 സെപ്റ്റംബറിൽ ഇന്ത്യക്കെതിരേ) ഓസീസ് താരം ഏകദിന സെഞ്ചുറി നേടുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അമീർ ആണ് ഓസ്ട്രേലിയയെ 307ൽ പിടിച്ചുനിർത്തിയത്. ആദ്യ 25 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ, തുടർന്നുള്ള 24 ഓവറിൽ 142 റണ്‍സ് എടുക്കുന്നതിനിടെ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ട് 49 ഓവറിൽ ഓസ്ട്രേലിയ പുറത്തായി.
ഫിഞ്ചിന്റെ ബൗളിംഗ്
മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ഫഖാർ സമാനെ (പൂജ്യം) നഷ്ടപ്പെട്ട പാക്കിസ്ഥാൻ ഇമാം ഉൾ ഹഖ് (53 റണ്‍സ്), ബാബർ അസം (30 റണ്‍സ്), മുഹമ്മദ് ഹഫീസ് (46 റണ്‍സ്) എന്നിവരിലൂടെ തിരിച്ചുവരവിനു ശ്രമിച്ചു. എന്നാൽ, 27-ാം ഓവർ എറിയാൻ ആരോണ്‍ ഫിഞ്ച് എത്തിയപ്പോൾ ഓസ്ട്രേലിയ നിർണായക വിക്കറ്റ് സ്വന്തമാക്കി. ഹഫീസ് ഫിഞ്ചിന്റെ പന്തിൽ മിച്ചൽ സ്റ്റാർക്കിനു ക്യാച്ച് നല്കി.
25 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 136 റണ്‍സ് എന്ന നിലയിലായിരുന്ന പാക്കിസ്ഥാന് അടുത്ത അഞ്ച് ഓവറിനുള്ളിൽ 24 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടു. വാലറ്റത്ത് വഹാബ് റിയാസ് (39 പന്തിൽ 45 റണ്‍സ്) തകർത്തടിച്ചെങ്കിലും പാക്കിസ്ഥാനു ജയത്തിലെത്താനായില്ല. ഓസ്ട്രേലിയയ്ക്കെതിരേ തുടർച്ചയായ എട്ടാം തോൽവിയാണ് പാക്കിസ്ഥാൻ വഴങ്ങിയത്.