ലണ്ടൻ: രണ്ടാം മത്സരവും ജയിച്ച് സെമി ഉറപ്പിക്കാനുള്ള ഇന്ത്യൻ മോഹത്തെ ലങ്ക തല്ലിത്തകർത്തു. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 321 റൺസിന്റെ വെല്ലുവിളി ലങ്ക 48.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. ഇന്ത്യൻ പേസർമാരെ മൈതാനത്തിന്റെ നാലുപാടും പറത്തിയാണ് ലങ്ക വിജയം പിടിച്ചെടുത്തത്. ചോർന്ന കൈകളും മോശം ഫീൽഡിഗും ചേർന്നപ്പോൾ ഇന്ത്യൻ പതനം പൂർത്തിയായി.
അർധസെഞ്ചുറി നേടിയ ധനുഷ്ക ഗുണതിലകയും (76) കുശാൽ മെൻഡിസും (89) നടത്തിയ വീരോജിത പോരാട്ടമാണ് ലങ്കയ്ക്കു വിജയം സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ട് വിജയത്തിലേക്കുള്ള എളുപ്പവഴിയായി. 97 പന്തിലാണ് ഇവരുടെ കൂട്ടുകെച്ച് സെഞ്ചുറിതികച്ചത്.
ടീം സ്കോർ 11 ൽ നിൽക്കെ ഓപ്പണർ നിരോഷൻ (7) പുറത്തായ ശേഷം ക്രീസിൽ ഒത്തു ചേർന്ന ഈ കൂട്ടുകെട്ട് ലങ്കയെ വിജയവഴിയിൽ എത്തിച്ചാണ് പിരിഞ്ഞത്. ഒന്നിന് 170 എന്ന സുരക്ഷിത നിലയിലെത്തിയപ്പോഴായിരുന്നു വിക്കറ്റ് വീഴ്ച. ഇല്ലാ റണ്ണിനോടിയ ഗുണതിലക, ധോണിയുടെ കിടിലൻ സ്റ്റമ്പിംഗിൽ പുറത്ത്. പിന്നാലെ മറ്റൊരു റൺ ഔട്ടിൽ കുശാൽ മെൻഡിസും കൂടാരം കയറി.
ഇന്ത്യൻ ബൗളർമാരെ അനായാസം കൈകാര്യം ചെയ്ത ഇരുവരും മെല്ലെത്തുടങ്ങി കത്തിക്കയറുകയായിരുന്നു. ഇതിനിടെ പലവട്ടം ഇന്ത്യൻ ഫീൽഡർമാർ ഇരുവരെയും കൈവിട്ടു. ഗുണതിലക 47-ാം പന്തിൽ അർധശതകം തികച്ചു. ഹാർദിക് പാണ്ഡ്യയുടെ ഓവറിൽ പന്തിനെ വേലിക്കെട്ടിനു പുറത്തേക്ക് പായിച്ചാണ് ഗുണതിലക അർധശതകം പൂർത്തിയാക്കിയത്. മെൻഡിസ് 65 പന്തിൽ അർധസെഞ്ചുറി നേടി. ജഡേജയെ അതിർത്തി കടത്തിയാണ് മെൻഡിസ് ഫിഫ്റ്റി കടന്നത്.
ഇരുവരും പുറത്തായ ശേഷമെത്തിയ കുശാൽ പേരേരയും (47) ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസും (52) ലങ്കയെ കൂടുതൽ പരിക്കില്ലാതെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും പുറത്തായില്ലെങ്കിലും അർധസെഞ്ചുറി പൂർത്തിയാക്കുമുമ്പ് പെരേര പേശിവലിവിനെ തുടർന്ന് മൈതാനം വിട്ടു. പകരമെത്തിയ ഗുണരത്നയും (34) തന്റെ ദൗത്യം ഭംഗിയായി നിർവഹിച്ചപ്പോൾ ലങ്കയ്ക്ക് ആധികാരിക ജയമൊരുങ്ങി.
നേരത്തെ ശിഖർ ധവാന്റ 10-ാം ഏകദിന സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റിന് 321 റൺസ് അടിച്ചൂകൂട്ടി. 125 റൺസ് നേടിയ ധവാന്റെ ചിറകിലേറിയാണ് ഇന്ത്യ പറന്നുയർന്നത്. 15 ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ഇടംകൈയൻ ഓപ്പണറുടെ ഇന്നിംഗ്സ്. രോഹിത് ശർമ (78), എം.എസ്.ധോണി (63) എന്നിവർ ധവാന് മികച്ച പിന്തുണ നൽകി.
രണ്ടാമതും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റന് വേണ്ടി ഇന്ത്യൻ ഓപ്പണർമാർ മനോഹര ബാറ്റിംഗാണ് പുറത്തെടുത്തത്. രോഹിത്-ധവാൻ സഖ്യം ഒന്നാം വിക്കറ്റിൽ 138 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 78 റൺസ് നേടിയ രോഹിത് മടങ്ങിയതിന് പിന്നാലെ കോഹ്ലി (0), യുവരാജ് (7) എന്നിവർ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അഞ്ചാമനായി ധോണി ക്രീസിലെത്തിയതോടെ സ്കോറിംഗ് വേഗം കൂടി.
52 പന്തിൽ ഏഴ് ഫോറും രണ്ടും സിക്സും ഉൾപ്പെട്ടതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച കേദാർ ജാദവ് ഇന്ത്യൻ സ്കോർ 321-ൽ എത്തിക്കുകയായിരുന്നു. ജാദവ് 13 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പടെ 25 റൺസ് നേടി പുറത്താകാതെ നിന്നു.