മൊബൈൽ ഫോണ്, ലാപ്ടോപ് അല്ലെങ്കിൽ കംപ്യൂട്ടർ- ഇവയുടെ സ്ക്രീനിലേക്കു നോക്കാത്ത ഒരുദിവസംപോലും നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ഉണ്ടാകാനിടയില്ല. നോക്കാതെ പറ്റില്ല എന്നുറപ്പ്. കാരണം ജീവിതവുമായി ഇവയെല്ലാം അത്രയ്ക്കു ബന്ധപ്പെട്ടിരിക്കുന്നു. ശരി, ഇനിപ്പറയുന്ന കാര്യം ഒന്നിരുത്തിവായിക്കണം. ഈ സ്ക്രീനുകളിൽ തെളിയുന്ന നീലവെളിച്ചം നിങ്ങളെ എളുപ്പത്തിൽ വയസൻമാരാക്കും!.
അടുത്തയിടെ പുറത്തുവന്ന ഏജിംഗ് ആൻഡ് മെക്കാനിസംസ് ഓഫ് ഡിസീസ് എന്ന പഠനത്തിലാണ് എൽഇഡികൾ വഴിയെത്തുന്ന നീലവെളിച്ചം തലച്ചോറിലെയും കണ്ണിലെ റെറ്റിനയിലെയും കോശങ്ങളെ കേടുവരുത്തുന്നു എന്ന കണ്ടെത്തലുകളുള്ളത്.
മനുഷ്യരുടേതിനു തുല്യമായ കോശഘടനയുള്ള ഈച്ചകളിലാണ് ഗവേഷകർ ഇപ്പോൾ പഠനം നടത്തിയത്. നീല എൽഇഡി വെളിച്ചത്തിൽ (മൊബൈൽ, ലാപ്ടോപ് സ്ക്രീനുകൾ അടക്കം) 12 മണിക്കൂർ തുടർച്ചയായി ഈച്ചകളെ ഇട്ടു. അവയുടെ റെറ്റിനൽ സെല്ലുകൾ, ബ്രെയിൻ ന്യൂറോണുകൾ എന്നിവയ്ക്ക് കാര്യമായ തകരാറുകൾ കാണപ്പെട്ടു. ചലനശേഷി ഉൾപ്പെടെ അവയ്ക്ക് സാധാരണ ചെയ്യാവുന്ന കാര്യങ്ങൾപോലും ചെയ്യാൻ കഴിയാതായി.
നീലവെളിച്ചം ഈച്ചകളിലെ വാർധക്യത്തിന്റെ വേഗം കൂട്ടി എന്നത് ഞങ്ങൾക്ക് ആദ്യം വിശ്വസിക്കാനായില്ല- ഗവേഷകർ പറയുന്നു. ഈച്ചകളുടെ ജനിതക ഘടന, സമ്മർദ്ദങ്ങളോടുള്ള സാധാരണ പ്രതികരണം എന്നിവയും പഠനവിധേയമാക്കിയിരുന്നു. നീലവെളിച്ചം ഇവയുടെ ജീവിത ദൈർഘ്യം അസാധാരണമായി കുറച്ചുവെന്നും ഗവേഷകർ വിലയിരുത്തുന്നു.
കൃത്രിമ ഇനം വെളിച്ചം തുടർച്ചയായി ഉപയോഗിക്കുന്നത് മനുഷ്യർക്കും പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നകാര്യത്തിൽ സംശയമില്ലെന്നാണ് അവരുടെ പക്ഷം. ഉറക്കത്തിലെ പ്രശ്നങ്ങളും മറ്റുമാണ് തുടക്കത്തിൽ കാണാവുന്നവ. എൽഇഡി, ഡിവൈസുകളിൽനിന്നുള്ള വെളിച്ചം എന്നിവ അപകടസാധ്യത കൂട്ടുന്നു. റെറ്റിനയെ സംരക്ഷിക്കാനുള്ള കണ്ണടകൾ ഉപയോഗിക്കാനാണ് വിദഗ്ധർ നൽകുന്ന ഉപദേശം. നീല വെളിച്ചം സ്ക്രീനുകളിൽ കുറയ്ക്കാനുള്ള സെറ്റിംഗ്സ് ഉപയോഗിക്കാനും അവർ പറയുന്നു.