തിരുവനന്തപുരം: വീട്ടിലെ വൈൻ നിർമാണത്തിനു കർശന വിലക്കേർപ്പെടുത്തി എക്സൈസ് വകുപ്പ്. അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണതെന്ന് ഓർമിപ്പിച്ച് എക്സൈസ് സർക്കുലർ പുറത്തിറക്കി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കു മുന്നോടിയായാണ് എക്സൈസിന്റെ നീക്കം.
ഹോംമെയ്ഡ് വൈൻ വിൽപനയ്ക്കുണ്ടെന്നു സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈൻ ഉണ്ടാക്കുന്ന വീഡിയോകൾ യുട്യൂബ് വഴി പ്രചരിപ്പിക്കുന്നവരെയും എക്സൈസ് നോട്ടമിടുന്നതായാണു വിവരം.
മദ്യക്കടത്തും വ്യാജവാറ്റും തടയാൻ പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകി നടപടികൾ കർശനമാക്കിയിട്ടുണ്ട്. ജില്ലാതലം മുതൽ കണ്ട്രോൾ റൂമുകൾ തുറന്ന് 24 മണിക്കൂർ ജാഗ്രത പുലർത്താൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. റെയ്ഡ് അടക്കം അടിയന്തര നടപടികൾക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന പേരിൽ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.