വൈൻ ടേസ്റ്റിംഗ് ഈവന്റിനിടയിൽ മദ്യപിക്കുന്നതിന് സംഘാടകർ വിലക്കിയ അംഗവൈകല്യമുള്ളയാൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ.
ജപ്പാനിലെ ടോക്യോയിലാണ് സംഭവം. 50കാരനായ അദ്ദേഹം 15,000 ഡോളറാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ടോക്യോയിലെ സെയ്ബു ഡിപ്പാർട്ട്മെന്റ് സ്റ്റോറിനും പരിപാടിയുടെ സംഘാടകർക്കുമെതിരായണ് ഇദ്ദേഹം പരാതി നൽകിയിട്ടുള്ളത്.
താൻ രണ്ട് ഗ്ലാസ് വൈൻ കഴിച്ചു കഴിഞ്ഞപ്പോൾ സംഘാടകരെത്തി ഇവിടെ നിന്നും പോകുവാൻ ആവശ്യപ്പെട്ടന്ന് ഇദ്ദേഹം പറയുന്നു. അംഗവൈകല്യമുള്ള ആളുകളോടുള്ള വിവേചനമാണിതെന്നും വീൽചെയർ ഉപയോഗിക്കുന്നവരെ ഒരു ശല്യമായാണ് സംഘാടകർ കാണുന്നതെന്നും പരാതിക്കാരന്റെ വക്കീൽ കോടതിയിൽ പറഞ്ഞു.
സാധാരണ വീൽചെയറിലും ഇലക്ട്രിക്ക് വീൽചെയറിലുമായി ഇവിടെ എത്തുന്ന ആളുകളെ തങ്ങൾ പ്രവേശിപ്പിക്കാറില്ലെന്നാണ് പരിപാടിയുടെ സംഘാടകർ കോടതിയെ അറിയിച്ചത്. മാത്രമല്ല രണ്ടു വർഷങ്ങൾക്ക് മുമ്പ് ഇവിടെ സംഘടിപ്പിച്ച പരിപാടിക്കിടയിൽ ഇലക്ടിക് വീൽചെയറിൽ എത്തിയ ആളുകൾക്ക് അപകടം സംഭവിച്ചിരുന്നുവെന്നും സംഘാടകർ കോടതിയെ അറിയിച്ചു.
ജപ്പാനിലെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വീൽ ചെയർ ഉപയോഗിക്കുന്നവരെ കാൽനടക്കാരുടെ ഗണത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ ഇലക്ട്രിക്ക് വീൽചെയർ ഉപയോഗിക്കുന്നവർ മദ്യപിച്ചതിനു ശേഷം ഈ ഉപകരണം പ്രവർത്തിപ്പിക്കുന്നത് കർശനമായി തടഞ്ഞിട്ടുമുണ്ട്.