തിരുവനന്തപുരം: ക്രിസ്മസ്-നവവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ആൽക്കഹോൾ സാന്നിധ്യമില്ലാത്ത വൈൻ ഉപയോഗം കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണർ എസ്. അനന്തകൃഷ്ണൻ. ആൽക്കഹോളിന്റെ സാന്നിധ്യമില്ലാത്ത വൈൻ ഉപയോഗം സംബന്ധിച്ച പരിശോധനകളൊന്നും എക്സൈസ് പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ആൽക്കഹോൾ കലർന്ന മദ്യം നിർമിച്ച് വിൽപ്പന നടത്തുന്നവരെ പിടികൂടാനാണ് സർക്കുലർ ഇറക്കിയത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ലഹരിയുടെ സാന്നിധ്യമില്ലാത്ത വൈൻ ഉപയോഗം കൂടി നിർദേശത്തിന്റെ പരിധിയിൽ വരുമെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണു പ്രചരിപ്പിക്കപ്പെട്ടതെന്നും കമ്മീഷണർ വ്യക്തമാക്കി.
കഴക്കൂട്ടത്ത് പിടികൂടിയത് ആയിരം ലിറ്റര്‍ വൈന്‍
കഴക്കൂട്ടം : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ആയിരം ലിറ്റർ വൈൻ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് തുമ്പ വിജാസ് ഹൗസിൽ ജാനറ്റ് (50 )നെ അറസ്റ്റ് ചെയ്തു. 1200 കുപ്പികളിലായി വീടിന്റെ പല മുറികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഴക്കൂട്ടം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയായിലായിരുന്നു വൈൻ പിടിക്കൂടിയത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ,ഇൻസ്പെക്ടർ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.