ആരാധകർ എം.എസ്. ധോണിയെ സ്നേഹത്തോടെ വിളിക്കുന്നത് തല എന്ന്. ക്യാപ്റ്റനായിരുന്നപ്പോൾ കാഴ്ചവച്ച ബുദ്ധികൂർമത ഈ വിളിക്കൊരു കാരണമായി. 43-ാം വയസിലേക്ക് മൂന്ന് മാസത്തിന്റെ അകലം മാത്രമുള്ളപ്പോഴും വിന്റേജ് ഷോട്ടുകളുമായി ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ആരാധകരെ ആവേശത്തിലാക്കുകയാണ് തല. അതോടെ തലൈവർക്ക് വണക്കമെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറഞ്ഞു…
ഡൽഹി ക്യാപ്പിറ്റൽസിന് എതിരേ ധോണി നടത്തിയ കടന്നാക്രമണമാണ് ആരാധകരെ കോരിത്തരിപ്പിച്ചത്. 16 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 37 റണ്‍സുമായി ധോണി പുറത്താകാതെനിന്ന മത്സരത്തിൽ പക്ഷേ, ചെന്നൈ 20 റണ്‍സിനു പരാജയപ്പെട്ടു.
ചെന്നൈയുടെ തോൽവിയേക്കാൾ വിന്റേജ് ധോണിയുടെ ബാറ്റിംഗായിരുന്നു ആരാധകരെ ആവേശത്തിലാക്കിയത്. ദക്ഷിണാഫ്രിക്കൻ പേസർ ആൻറിക് നോർക്കിയ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും ധോണി നേടി. അതിൽ ഒരു സിക്സ് ഒറ്റകൈയാലുള്ളതായിരുന്നു.
ധോണിക്ക് പരിക്കോ?
ഡൽഹിക്ക് എതിരായ ഇന്നിംഗ്സിനുശേഷം ഗാലറിയെ അഭിവാദ്യം ചെയ്യാനായി മൈതാനത്ത് വലംവച്ചപ്പോൾ എം.എസ്. ധോണി മുടന്തിയായിരുന്നു നടന്നത്. ധോണിക്ക് പരിക്കേറ്റോ എന്ന ആശങ്കയ്ക്ക് ഇതുകാരണമായി. എന്നാൽ, പരിക്ക് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിശാഖപട്ടണത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഹോം ഗ്രൗണ്ടായാണ് മത്സരം നടന്നത്. എന്നാൽ, ഗാലറിയെ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ മഞ്ഞയിൽ മുക്കി.
307 ദിവസത്തിനുശേഷം
നീണ്ട 307 ദിവസത്തിനുശേഷമാണ് ധോണി ക്രിക്കറ്റ് കളത്തിൽ ബാറ്റേന്തിയത്. 2005ൽ പാക്കിസ്ഥാനെതിരേ 123 പന്തിൽ 148 റണ്‍സ് നേടിയതിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിനെതിരേ ധോണി കാഴ്ചവച്ചത് എന്നതാണ് വാസ്തവം.
307 ദിവസത്തിനുശേഷം ബാറ്റ് കൈയിലെടുത്തപ്പോൾ മറ്റൊരു നേട്ടത്തിലും ധോണി എത്തി. ഐപിഎൽ ഫൈനൽ ഓവറുകളിലായി 60 സിക്സ് (61) ധോണി പൂർത്തിയാക്കി. 303 പന്തിൽനിന്നാണിത്. മാത്രമല്ല, ട്വന്റി-20 ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറായി 300 ഡിസ്മിസൽ ഉള്ള ആദ്യ താരം എന്ന നേട്ടത്തിനും ഡൽഹിക്കെതിരായ മത്സരത്തിനിടെ ധോണി അർഹനായി.