കുറവിലങ്ങാട്: അനീഷ് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം. സമ്മാനാർഹനു ലഭിക്കുക മുക്കാൽകോടി രൂപ.
എന്നാൽ ഫലപ്രഖ്യാപനത്തിനു ശേഷം മണിക്കൂറുകൾ പിന്നിട്ടുവെങ്കിലും ആ ഭാഗ്യവാൻ ആരാണെന്നു മാത്രം ആർക്കും അറിയില്ല.
സംസ്ഥാന സർക്കാരിന്റെ വിൻ-വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് കുറവിലങ്ങാട് വിറ്റഴിച്ച ടിക്കറ്റിനു ലഭിച്ചത്.
കോഴാ സ്വദേശി പൊട്ടുചിറത്തടത്തിൽ അനീഷ് വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. കോഴായിലും കുറവിലങ്ങാട്ടുമായാണ് ടിക്കറ്റ് വിറ്റഴിച്ചതെന്നൊഴിച്ചാൽ ടിക്കറ്റ് വാങ്ങിയവരെക്കുറിച്ച് ഒരുവിവരവും ലഭ്യമല്ല.
വാഹനാപകടത്തെത്തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി ലോട്ടറി വിൽപ്പനരംഗത്ത് സജീവമാണ് അനീഷ്.
ഒന്നാംസമ്മാനം നേടിയ ടിക്കറ്റ് വിറ്റഴിക്കാനായത് അനീഷിനു വലിയ സന്തോഷം സമ്മാനിച്ചിട്ടുണ്ട്.
ഭാഗ്യവാൻ ആരെന്നത് ഇന്നെങ്കിലും തെളിയുമെന്ന പ്രതീക്ഷയിലാണു നാട്. വാഹനത്തിലെത്തിയവരും ഇതര സംസ്ഥാന തൊഴിലാളികളും ടിക്കറ്റ് വാങ്ങിയതായി അനീഷ് പറയുന്നുണ്ട്.