ബംഗളൂരു: ഐടി കമ്പനിയായ വിപ്രോയുടെ ഓഹരികൾക്ക് ഇടിവ്. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ ഓഹരികൾ നഷ്ടത്തിലായിരുന്നു. ഇന്നലെ മാത്രം വിപ്രോയുടെ വിപണിമൂല്യം 6000 കോടി രൂപ താഴ്ന്നു. നടപ്പു ത്രൈമാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായ വിപ്രോയുടെ വരുമാനവളർച്ച കുറയുമെന്ന പ്രവചനമാണ് ഓഹരികൾക്ക് തളർച്ച വരുത്തിയത്. കമ്പനിയുടെ പ്രധാന മൂന്ന് ഇടപാടുകാർ പാപ്പർ നടപടികളിലേക്കു നീങ്ങിയതാണ് ഇതിനു കാരണം.
ജൂണിൽ അവസാനിക്കുന്ന ത്രൈമാസത്തിൽ കമ്പനി 202 കോടി ഡോളറിനും 207 കോടി ഡോളറിനും ഇടയിൽ വരുമാനമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിലെ വരുമാനത്തിൽനിന്നും 2.3 ശതമാനം കുറവായിരിക്കും.
പ്രവചനത്തേക്കാളും വലിയ നഷ്ടത്തിലായിരുന്നു 2017-18 സാന്പത്തികവർഷത്തെ നാലാം ത്രൈമാസ പ്രവർത്തനറിപ്പോർട്ട് വിപ്രോ പുറത്തുവിട്ടത്. ബുധനാഴ്ച ഓഹരി കമ്പോളങ്ങൾ വ്യാപാരം അവസാനിപ്പിച്ചതിനുശേഷം പുറത്തുവിട്ടതിനാൽ അത് ഇന്നലെ ഓഹരി കമ്പോളത്തിൽ പ്രതിഫലിക്കുകയായിരുന്നു.
അടുത്ത കുറച്ച് ത്രൈമാസങ്ങളിൽകൂടി വരുമാനത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്ന് ധനകാര്യ മേധാവി ജാറ്റിൻ ദലാൽ പറഞ്ഞു. ജൂൺ ഒന്നു മുതൽ ശന്പളവർധന നടപ്പാക്കുന്നതിനാൽ ചെലവുയരുമെന്നും അദ്ദേഹം പറഞ്ഞു.