കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ ‘നിറപറ’യെ ഏറ്റെടുക്കാനുള്ള നടപടികളുമായി രാജ്യത്തെ
രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ വിപ്രോ മുമ്പോട്ട്.
വിപ്രോ ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ‘വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ്’ വഴിയായിരിക്കും ഏറ്റെടുക്കല്‍.
ഈയാഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. എത്ര തുകയുടേതാണ് ഇടപാടെന്ന് അറിവായിട്ടില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളം ആസ്ഥാനമായ ചന്ദ്രിക സോപ്പിനെ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ സ്വന്തമാക്കിയിരുന്നു.
ചന്ദ്രിക, സന്തൂര്‍, എന്‍ചാന്റര്‍, യാര്‍ഡ്ലി എന്നീ ബ്രാന്‍ഡുകളിലൂടെ പേഴ്സണല്‍ കെയര്‍ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള വിപ്രോയ്ക്ക് ഭക്ഷ്യോത്പന്ന വിപണിയിലേക്ക് ചുവടുവെയ്ക്കാനാണ് നിറപറയുടെ ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലും ‘നിറപറ’ എന്ന ബ്രാന്‍ഡ് നിലനിര്‍ത്തുമെന്നാണ് അറിയുന്നത്. ഇടപാടിനെക്കുറിച്ച് ആരായാനായി നിറപറയുടെ സ്ഥാപകന്‍ കെ.കെ.ആര്. കര്ണന്, മാനേജിങ് ഡയറക്ടര്‍ ബിജു കര്ണന് എന്നിവരെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.
അരി, കറിപ്പൊടികള്‍, അച്ചാര്‍ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളിലൂടെയാണ് നിറപറ വിപണി പിടിച്ചത്. കെ.കെ. കര്ണന് എന്ന സംരംഭകന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ കാലടിയില്‍ അരിമില്ല് തുടങ്ങിക്കൊണ്ടാണ് കമ്പനിയുടെ തുടക്കം.
1988-ലാണ് ‘നിറപറ’ എന്ന ബ്രാന്‍ഡ് നാമം സ്വീകരിക്കുന്നത്. പിന്നീട് സുഗന്ധവ്യഞ്ജന രംഗത്തേക്കും ചുവടുവെച്ചു. അദ്ദേഹത്തിന്റെ മകന് ബിജു കര്‍ണന്റെ നേതൃത്വത്തിലാണ് നിറപറ പുതിയ വിപണികളിലേക്ക് പ്രവേശിച്ചത്.
കേരള വിപണിക്ക് പുറമേ മറുനാടന്‍ മലയാളികളുള്ള ഇടങ്ങളിലേക്കൊക്കെ സാന്നിധ്യം വ്യാപിപ്പിച്ചു. അങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ചുവടുറപ്പിച്ചത്.
പിന്നീട് അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലേക്കും വിപണി വിപുലീകരിച്ചു. ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, കാവ്യാ മാധവന് എന്നിവര്‍ നിറപറയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു.
2017-18 സാമ്പത്തിക വര്‍ഷം ഏതാണ്ട് 400 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന കമ്പനി 2020-ഓടെ അത് 1,000 കോടി രൂപയിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ മറ്റു ചില കമ്പനികളുടെ കടന്നു വരവോടെ കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി നിറപറയ്ക്ക് മേല്‍ക്കൈ നഷ്ടപ്പെട്ടു.
ഇതോടെ, പല വിപണികളില്‍നിന്നും ക്രമേണ നിറപറ ഉത്പന്നങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. ഇതോടെയാണ് വിപ്രോ ഉള്‍പ്പെടെയുള്ള കമ്പനികളെ സമീപിച്ചത്.
ഒരു വര്‍ഷം മുമ്പുതന്നെ വിപ്രോയുമായുള്ള ഇടപാട് സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും വില സംബന്ധിച്ച ധാരണയെത്താത്തതിനെത്തുടര്ന്ന് അത് പരാജയപ്പെട്ടിരുന്നു.
എന്നാല്‍, പിന്നീട് ഇരുകൂട്ടരും വീണ്ടും ഇടപാട് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി ധാരണയുണ്ടാക്കുകയായിരുന്നു.