ന്യുമോണിയ മാറാനെന്ന പേരില്‍ ഗോത്രമേഖലയില്‍ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികള്‍ ചെയ്തത് കൊടുംക്രൂരത. മധ്യപ്രദേശിലാണ് സംഭവം.
മാസങ്ങള്‍ മാത്രം പ്രായമായ ശിശുക്കളെ മന്ത്രവാദികള്‍ ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിക്കുകയായിരുന്നു.
നില ഗുരുതരമായ മൂന്നു കുട്ടികളെ ഝാബുവ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
രണ്ടുമാസം, ആറുമാസം, ഏഴുമാസം പ്രായത്തിലുള്ള പിപിലിയഖാദന്, ഹദുമതിയ, സമോയ് എന്നീ ഗ്രാമങ്ങളില്‍നിന്നുള്ള ആണ്‍കുഞ്ഞുങ്ങളാണ് ക്രൂരതയ്ക്ക് ഇരകളായത്.
ചുമ, ജലദോഷം, പനി എന്നീ ബുദ്ധിമുട്ടുകളാണ് ആദ്യം കുട്ടികള്‍ക്ക് ഉണ്ടായിരുന്നത്. പിന്നീടാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍, കുട്ടികളെ സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകുന്നതിന് പകരം മാതാപിതാക്കള്‍, മന്ത്രവാദികളുടെ അടുക്കല്‍ കൊണ്ടുപോകുകയായിരുന്നു.
തുടര്‍ന്ന് മന്ത്രവാദികള്‍ കുട്ടികളുടെ നെഞ്ചിനും വയറിനും മീതേ ഇരുമ്പു പഴുപ്പിച്ച് പൊള്ളിച്ചു.
പൊള്ളലേറ്റതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ന്യുമോണിയ ബാധിതരായ കുട്ടികളുടെ രോഗമുക്തിക്കെന്ന പേരില്‍ മന്ത്രവാദികളെ കൊണ്ട് അവരുടെ മേല്‍ ഇരുമ്പുപഴുപ്പിച്ചു പൊള്ളിക്കുന്ന അന്ധവിശ്വാസം ഝബുവ, അലിരാജ്പുര്‍ തുടങ്ങിയ ജില്ലകളില്‍ പുതിയ സംഭവമല്ലെന്ന് ഝബുവ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. സന്ദീപ് ചോപ്ര പറഞ്ഞു.