ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദൃക്‌സാക്ഷിയുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ പുറത്ത്. അപകടം നടന്നപ്പോള്‍ വണ്ടി ഓടിച്ചിരുന്നത് അര്‍ജുനായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. വര്‍ക്കല സ്വദേശിയായ നന്ദുവിന്റെതാണ് വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച വാര്‍ത്ത ഒരു സ്വകാര്യ ചാനലിലൂടെ നന്ദു ഇതിനുമുമ്പും വെളിപ്പെടുത്തിയിരുന്നു. പ്രവാസിയായ സഹോദരനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി തിരികെ വരുന്നതിനിടയിലായിരുന്നു നന്ദു ആ കാഴ്ച കാണുന്നത്. ഒരു ഇന്നോവ കാര്‍ മരത്തിലിടിച്ച് നില്‍ക്കുന്നു.
ചുറ്റിലും കുറച്ചുപേര്‍ കൂടി നില്‍ക്കുന്നു. ഇതുകണ്ടതോടെ മറ്റൊന്നും ചിന്തിക്കാതെ നന്ദുവും സഹോദരനും കാറിന്റെ അടുത്തേയ്ക്ക് ഓടിയെത്തി. ആദ്യം കണ്ട കാഴ്ച ബാലഭാസ്‌ക്കറുടെ മകള്‍ തേജസ്വിനി ചോരയില്‍ കുളിച്ച് കിടക്കുന്നു. കണ്ട കാഴ്ചയില്‍ തളരാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഓടിവന്നപ്പോള്‍ ബാക്ക് സീറ്റില്‍ ഒരാള്‍ രണ്ട് സീറ്റുകള്‍ക്കിടയില്‍ കിടക്കുന്നത് കണ്ടു. പിന്നീടാണ് മുന്നോട്ട് നോക്കിയപ്പോള്‍ കുഞ്ഞിനേയും സൈഡില്‍ ഇരുന്ന ലക്ഷ്മിയെയും കാണുന്നത്. പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വാതിലിന്റെ ഗ്ലാസ് പൊളിക്കാന്‍ നോക്കി, പകുതിയായപ്പോഴേക്കും ഗ്ലാസ്സ് പൊട്ടി, ഉടനെ തന്നെ കൈ അകത്തേയ്ക്കിട്ട് ലോക്ക് മാറ്റി വാതില്‍ തുറന്ന് കുഞ്ഞിനെ എടുത്ത് തിരിഞ്ഞപ്പോഴേക്കും ഹൈവേയില്‍ നൈറ്റ് പട്രോളിംഗിന് നിന്ന പോലീസുകാര്‍ വന്ന് കുഞ്ഞിനെ വണ്ടിയില്‍ കയറ്റി കൊണ്ടുപോയി.
ബാലഭാസ്‌കര്‍ പിന്‍സീറ്റിനിടയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. ടീഷര്‍ട്ടും ബര്‍മുഡയും ഇട്ട ആളായിരുന്നു വണ്ടിയോടിച്ചത്. താന്‍ എത്തുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലായിരുന്നുവെന്നും നന്ദു പറഞ്ഞു. നാല് പേര്‍ കാറിനു സമീപത്തും 15 പേര്‍ പിറകുവശത്തും ഉണ്ടായിരുന്നു. ലക്ഷ്മി സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടായിരുന്നെന്നും നന്ദു പറഞ്ഞു. നല്ല വണ്ണമുള്ള ആളായിരുന്നു വണ്ടിയോടിച്ചത്. ഡ്രൈവര്‍ക്ക് ബോധമുണ്ടായിരുന്നുവെന്നും നന്ദു പറയുന്നു. ബാലഭാസ്‌കര്‍ക്ക് അനക്കമില്ലായിരുന്നുവെന്നും നന്ദു പറയുന്നു.
ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന ആളിന് നല്ല ബോധമുണ്ടായിരുന്നു. അയ്യാളുടെ താന്‍ സംസാരിക്കുകയും ചെയ്തുവെന്ന് നന്ദു പറയുന്നു. കാല് എടുത്ത് മാറ്റണം വേദനിക്കുന്നു…പുറത്തേയ്ക്ക് ഇറങ്ങാന്‍ കഴിയുന്നില്ലെന്ന് അയ്യാള്‍ പറഞ്ഞു. പിന്നീടാണ് അയ്യാളുടെ സീറ്റ് ബെല്‍റ്റ് മാറ്റി ചാരിയിരിക്കുന്ന സീറ്റ് പുറകിലേയ്ക്ക് നീക്കി ഇടത് സൈഡിലെ ഡോര്‍ വഴിയാണ് അയ്യാളെ പുറത്തേയ്ക്ക് എടുത്തത്. അപ്പോഴും പിന്നിലെ സീറ്റുകള്‍ക്കിടയില്‍ ഒരാള്‍ കിടക്കുന്നുണ്ടായിരുന്നു.
ബാലഭാസ്‌ക്കര്‍ ജുബ്ബപോലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും,ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നയാള്‍ ടീഷര്‍ട്ടും ബര്‍മുഡയുമായിരുന്നു ധരിച്ചിരുന്നതെന്നും അടയാള സഹിതം നന്ദു വ്യക്തമാക്കുന്നു. അര്‍ജ്ജുന്‍ നേരത്തെ ക്രൈംബ്രാഞ്ചിനും പൊലീസിനും മൊഴി നല്‍കിയത് ബാലഭാസ്‌കര്‍ ആണ് വണ്ടിയോടിച്ചതെന്നായിരുന്നു. അതേസമയം അപകടസമയത്ത് ബാലഭാസ്‌കര്‍ ആയിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും ദൃക്‌സാക്ഷിയുമായ അജി മുമ്പ് പറഞ്ഞിരുന്നു.