വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. വടക്കേക്കര മുൻസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച 18 മൃതദേഹങ്ങളിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. 18 മൃതദേഹങ്ങളും സംസ്കരിച്ചു.
കുറാഞ്ചേരിയിൽ ചാച്ചൻസ് എന്ന പേരിൽ തട്ടുകട നടത്തുന്ന മുണ്ടൻ പ്ലാക്കൽ ജെൻസൻ (ചാച്ചൻ-45), മക്കളായ ഹെനോക്ക് (ഏഴ്), യാഫത്ത് (മൂന്ന്), മോസസ് (പത്ത്), ജെൻസന്റെ സഹോദരൻ ഷാജി (48), ജെൻസന്റെ ഭാര്യയുടെ മാതാപിതാക്കളായ പാലക്കാട് വടക്കഞ്ചേരി ആനകുഴിപാടം കളപുരയ്ക്കൽ സ്വദേശി ഫ്രാൻസീസ് (65 ), സാലി (60), കുറാഞ്ചേരിയിൽ പച്ചക്കറി കട നടത്തുന്ന കന്നുകുഴിയിൽ അയ്യപ്പൻ നായരുടെ മകൻ നാരായണൻ (മോഹനൻ 52 ), ഭാര്യ ആശ (45), മക്കളായ അഖിൽ (വിഷ്ണു- 22), അമൽ (20), കൊല്ലം കുന്നേൽ മത്തായി (മാത്യു-65), ഭാര്യ ബേബി (റോസ-58), മകൾ സൗമ്യ (35), സൗമ്യയുടെ മക്കളായ മെറിൻ (പത്ത്), മെൽന(അഞ്ച്), പാറേക്കാട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ റോസി (65), റോസിയുടെ ചെറുമകൾ എയ്ഞ്ചൽ സജി (10) എന്നിവരുടെ മൃതദേഹങ്ങളാണ് ആയിരങ്ങളുടെ വിലാപങ്ങൾക്കും അന്ത്യാഞ്ഞലിക്കുംശേഷം സംസ്കരിച്ചത്. ദുരന്തത്തിൽ മുണ്ട ൻ പ്ലാക്കൽ ജെൻസന്റെയും (ചാച്ചൻ), കന്നുകുഴിയിൽ നാരായണ(മോഹനൻ)ന്റെയും കുടുംബങ്ങളിലുള്ളവർ പൂർണമായി ഇല്ലാതായി.
അപകടത്തിൽ പരിക്കേറ്റ പാറേക്കാട്ടിൽ സജി, ഭാര്യ ജോളി, മക്കളായ ജോഷ്വാ, കാതറിൻ, കൊല്ലം കുന്നേൽ മത്തായിയുടെ മകൾ സൗമ്യയുടെ മകൻ മെൽവിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മന്ത്രി എ.സി.മൊയ്തീൻ, പി.കെ. ബിജു എംപി, അനിൽ അക്കര എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, എ. പത്മനാഭൻ, സിപിഎം ഏരിയാ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്, നഗരസഭ ചെയർപേഴ്സണ് ശിവപ്രിയ സന്തോഷ്, എം.ആർ. അനൂപ് കിഷോർ, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുബെന്നി, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ശ്രീജ, സി.വി. സുനിൽകുമാർ തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. അത്താണി, കണ്ണാറ, പൂമല പള്ളികളിലായി ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. രണ്ടുപേരുടെ മൃതദേഹങ്ങൾ അവരുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.